ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല; മലയാള സീരിയല്‍ രംഗത്തുനിന്നുള്ള പിന്മാറ്റത്തെ കുറിച്ച് മധുമോഹന്‍
Movie Day
ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല; മലയാള സീരിയല്‍ രംഗത്തുനിന്നുള്ള പിന്മാറ്റത്തെ കുറിച്ച് മധുമോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th February 2021, 3:06 pm

ഒരുകാലത്ത് മലയാളം സീരിയല്‍ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു മധുമോഹന്‍. സീരിയല്‍ എന്നതിന്റെ പര്യായമായി അദ്ദേഹം മാറിയ കാലം. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തു പോന്ന സീരിയലുകളിലെല്ലാം മധുമോഹന്‍ അക്കാലത്ത് തിളങ്ങി നിന്നു. കഥ, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം, സംവിധാനം എന്നുവേണ്ട എല്ലാ മേഖലകളും അദ്ദേഹം ഒറ്റയ്ക്ക് കൈകാര്യം ചെയ്തു.

മലയാളികളില്‍ വലിയൊരു വിഭാഗത്തേയും പ്രത്യേകിച്ച് സ്ത്രീകളെ സീരിയലിന്റെ കടുത്ത ആരാധകരാക്കി മാറ്റാന്‍ അക്കാലത്ത് മധുമോഹന്റെ സീരിയലുകള്‍ക്ക് സാധിച്ചു. എന്നാല്‍ നാളുകള്‍ക്ക് ശേഷം മധുമോഹന്‍ മിനിസ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി.

എന്തുകൊണ്ടാണ് മലയാളം സീരിയല്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത് എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മധുമോഹന്‍. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പിന്മാറ്റത്തിന്റെ കാരണത്തെ കുറിച്ച് അദ്ദേഹം വിശദമാക്കിയത്.

ചാനല്‍ തീരുമാനിക്കുന്ന നിയന്ത്രണങ്ങളില്‍ നിന്നുകൊണ്ട് സീരിയല്‍ ചെയ്യാന്‍ കഴിയില്ലെന്നും അതിനാലാണ് മലയാളം സീരിയല്‍ ചെയ്യാത്തതെന്നുമാണ് മധുമോഹന്‍ പറയുന്നത്.

മധുമോഹന്‍ എവിടെയെന്ന് ആരാധികമാരായ മലയാളി വീട്ടമ്മമാര്‍ ചോദിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവരോട് എന്നും സ്‌നേഹവും ബഹുമാനവുമാണെന്നായിരുന്നു മധുമോഹന്റെ മറുപടി.

‘എനിക്ക് സ്വാതന്ത്ര്യം വേണം. മലയാളം സീരിയല്‍ നിര്‍മാണം നിര്‍ത്തിയശേഷം ഐ.ടി കമ്പനി ആരംഭിച്ചു. എന്നാല്‍ തമിഴില്‍ വിജയ് ടിവിയില്‍ നാം ഇരുവര്‍ നമുക്ക് ഇരുവര്‍, സീ തമിഴില്‍ കണ്ടുകൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്നീ സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴും എന്റെ രൂപത്തിന് മാറ്റമില്ലെന്ന് പറയുന്നവരുണ്ട്, മധുമോഹന്‍ പറഞ്ഞു.

മെഗാസീരിയല്‍ എന്ന ആശയം വരും മുന്‍പേ മെഗാസീരിയല്‍ സംവിധാനം ചെയ്തിരുന്നെന്നും മാനസി സീരിയലിലൂടെയാണ് അതു സംഭവിച്ചതെന്നും മധുമോഹന്‍ പറയുന്നു. പതിമൂന്ന് എപ്പിസോഡ് മാത്രം ഉള്ളതായിരുന്നു സീരിയലുകള്‍. എക്സ്റ്റന്‍ഷന്‍ കിട്ടിയാല്‍ മാത്രമേ കൂടുതല്‍ എപ്പിസോഡ് ലഭിക്കൂ. ആര്‍ക്കും വേണ്ടാതിരുന്ന അഞ്ചരമണിയുടെ സ്ലോട്ട് മാനസി സീരിയലിലൂടെ ഞാന്‍ സൂപ്പര്‍ ഹിറ്റാക്കിമാറ്റി. അതോടെ തുടര്‍ച്ചയായി വീണ്ടും എക്‌സ്റ്റന്‍ഷന്‍ ലഭിക്കുകയും നാലരവര്‍ഷം ആ മെഗാസീരിയല്‍ തുടരുകയും ചെയ്തു.

ആര്‍ക്കും വേണ്ടാത്ത ഉച്ചയ്ക്ക് രണ്ടരമണി സ്ലോട്ടില്‍ സ്‌നേഹസീമ സീരിയല്‍ നിര്‍മ്മിച്ചു. അതും സൂപ്പര്‍ ഹിറ്റ്. അപ്പോള്‍ അടുത്ത സ്ലോട്ടില്‍ മറ്റു നിര്‍മാതാക്കള്‍ വന്നു ഇടം പിടിച്ചു. തിങ്കല്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പല ബാനറുകളില്‍ ഞാന്‍ സീരിയല്‍ ചെയ്തു. എല്ലാ സീരിയലിലും ഞാന്‍ തന്നെ നായകന്‍. അത് പ്രേക്ഷകരെ ബോറടിപ്പിച്ചുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നും മധുമോഹന്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘കൃത്യമായ പ്ലാനിംഗ് ഉണ്ടായിരുന്നതിനാലാണ് സീരിയലുകള്‍ ചെയ്യാന്‍ സാധിച്ചത്. അനുമതി ലഭിക്കാന്‍ ആവശ്യമായ സമയം അറിയാമായിരുന്നു. അതിനുശേഷം മറ്റു സീരിയലിനും സമയം ലഭിക്കണം. ഇതായിരുന്നു എന്നെ മറ്റു നിര്‍മാതാക്കളില്‍നിന്ന് വ്യത്യസ്തനാക്കിയത്.

നൂറിലധികം തിരക്കഥകള്‍ പല ബാനറുകളില്‍ കൊടുത്ത് അനുമതി നേടി. എല്ലാം അഞ്ചു വര്‍ഷം നീണ്ട ആസൂത്രണത്തിന്റെ ഫലമായിരുന്നു. എന്നാല്‍ കഥയിലോ താരങ്ങളിലോ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായില്ലെന്നും ഇപ്പോള്‍ ചാനലില്‍നിന്നു ലഭിക്കുന്ന ബഡ്ജറ്റിനുള്ളില്‍ സീരിയല്‍ പൂര്‍ത്തിയാക്കുകയാണ് മിക്കവരുമെന്നും മധുമോഹന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Serial Actor Madhumohan talks about his Malayalam serial