കഴിഞ്ഞ ഫെബ്രുവരിയിലാണ് പി.എസ്.ജി സൂപ്പര്‍താരം സെര്‍ജിയോ റാമോസ് സ്പാനിഷ് ദേശീയ ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. സ്‌പെയിനിനായി 18 വര്‍ഷം ബൂട്ടുകെട്ടിയ റാമോസ് ടീമിന്റെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്. ദേശീയ ജേഴ്‌സിയില്‍ 180 മത്സരങ്ങളാണ് താരം കളിച്ചത്. 2010ല്‍ ലോകകപ്പ് നേടിയ സ്പാനിഷ് ടീമില്‍ റാമോസ് അംഗമായിരുന്നു.
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ കുറിച്ച് റാമോസ് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. മെസിയാണ് കരിയറില്‍ തനിക്ക് അസൂയ തോന്നിയിട്ടുള്ള താരമെന്നും അദ്ദേഹത്തോട് ആരാധനയുണ്ടെന്നുമാണ് റാമോസ് പറഞ്ഞത്.
ഫുട്‌ബോളില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും അത് പ്രകടനത്തെ ബാധിക്കില്ലെന്നും മെസി കാട്ടിത്തന്നിട്ടുണ്ടെന്നും തന്റെ കാര്യത്തില്‍ ഭാഗ്യം തുണച്ചില്ലെന്നും റാമോസ് പറഞ്ഞു. മെസിക്ക് പുറമെ ലൂക്ക മോഡ്രിച്ച് പെപ്പെ എന്നീ താരങ്ങളെ കുറിച്ചും റാമോസ് സംസാരിച്ചിരുന്നു.
റാമോസ് റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന സമയത്ത് മെസി എതിര്‍ ടീമായ ബാഴ്സലോണയില്‍ ബൂട്ടുകെട്ടുന്നുണ്ടായിരുന്നു. കളത്തില്‍ ശത്രുക്കളായി തുടര്‍ന്ന ഇരുവരുടെയും പിണക്കം ചങ്ങാത്തമായി മാറിയത് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ എത്തിയപ്പോഴായിരുന്നു. നിലവില്‍ പി.എസ്.ജിക്കായാണ് ഇരുവരും ബൂട്ടുകെട്ടുന്നത്. പ്രായത്തെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ പ്രീതി പിടിച്ചുപറ്റുകയാണ് പാരീസില്‍ ഇരുവരും.
അതേസമയം, പി.എസ്.ജിയില്‍ മെസിയുടെയും റാമോസിന്റെയും ഭാവി അനിശ്ചിതത്വത്തിലാണ്. ഈ വര്‍ഷം ക്ലബ്ബുമായുള്ള ഇരുവരുടയെും കരാര്‍ അവസാനിക്കാനിരിക്കെ താരങ്ങള്‍ പാരീസില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടില്ല. രണ്ട് പേരെയും ക്ലബ്ബില്‍ നിലനിര്‍ത്താന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കരാര്‍ പുതുക്കാന്‍ ഇരുവരും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായി ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.
ലീഗ് വണ്ണില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 25 ജയവും 78 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. മെയ് 14ന് അജാസിയോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.