ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച പ്രകടനങ്ങൾക്കൊടുവിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഞായറാഴ്ച നടന്ന ലീഗ് മത്സരത്തിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.
ആൻഫീൽഡിൽ മത്സരത്തിലുടനീളം സമ്പൂർണ ആധിപത്യം സ്ഥാപിച്ച ലിവർപൂളിനെതിരെ ഒരു ഘട്ടത്തിലും തിരിച്ചടിക്കാൻ യുണൈറ്റഡിനായില്ല.
എന്നാൽ മത്സരത്തിൽ പരാജയപ്പെട്ടതോടെ ജനുവരി ട്രാൻസ്ഫറിൽ ക്ലബ്ബ് ടീമിലെത്തിച്ച സ്ട്രൈക്കർ വോട്ട് വെഗോസ്റ്റിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ആരാധകർ.
കളിയിൽ ലിവർപൂൾ അനുകൂലമായ ‘ദിസ് ഈസ് ആൻഫീൽഡ്’ ബാഡ്ജിൽ വെഗോസ്റ്റ് തൊട്ടിരുന്നു. ഇതോടെയാണ് താരത്തിനെതിരെ യുണൈറ്റഡ് ആരാധകർ രംഗത്ത് വന്നത്.
അവനെ പഴയ ക്ലബ്ബിലേക്ക് തിരിച്ചയക്കണമെന്നും, ലോകകപ്പിനിടെ മെസി വെഗോസ്റ്റിനെതിരെ ദേഷ്യപ്പെട്ടത് നന്നായെന്നുമൊക്കെയാണ് ആരാധകർ ഉയർത്തുന്ന പ്രധാന വിമർശനങ്ങൾ.
എന്നാൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി വെഗോസ്റ്റും രംഗത്ത് വന്നിട്ടുണ്ട്.
“സാധാരണയായി ഞാൻ മാധ്യമ വിമർശനങ്ങളോട് പ്രതികരിക്കാറില്ല. പക്ഷെ യുണൈറ്റഡ് ഫാൻസ് എനിക്ക് വളരെ പ്രധാനപ്പെട്ടവരായത് കൊണ്ടാണ് ഈ വിമർശ നങ്ങൾക്ക് മറുപടി പറയാം എന്ന് ഞാൻ വിചാരിച്ചത്.
ആ വീഡിയോയിൽ കണ്ട സംഭവത്തെ പറ്റി ക്ലാരിറ്റി വരുത്തേണ്ടതുണ്ട്. എന്റെ സുഹൃത്തായ വാൻ ഡ വിക്ക് ആ ബാൻഡിൽ എപ്പോഴും സ്പർശിക്കാറുണ്ട്. എന്നാൽ കളിക്കിടെ അവനെ ഞാൻ തടയുന്നതിന്റെ ഭാഗമായാണ് ആ ആം ബാൻഡിൽ ഞാൻ സ്പർശിച്ചത്,’ വെഗോസ്റ്റ് പറഞ്ഞു.
അതേസമയം ലിവർപൂളിനെതിരെ വൻ തോൽവി പിണഞ്ഞതോടെ യുണൈറ്റഡിന്റെ ഗോൾ വ്യത്യാസത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. നിലവിൽ ലീഗിൽ 25 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 49 പോയിന്റുമായി പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് യുണൈറ്റഡ്.