സൂറത്ത്: പാകിസ്ഥാനെയും ഹിന്ദു രാഷ്ട്രമായി മാറ്റാനാകുമെന്ന് സ്വയം പ്രഖ്യാപിത ആള്‍ ദൈവം ധീരേന്ദ്ര ശാസ്ത്രി. സൂറത്തില്‍ നടന്ന പൊതുപരിപാടിയിലാണ് ബാഗേശ്വര്‍ ധാം ട്രസ്റ്റ് മേധാവിയായ ധീരേന്ദ്ര ശാസ്ത്രിയുടെ പരാമര്‍ശം.
ഇന്ത്യ ഇതിനോടകം ഹിന്ദു രാഷ്ട്രമായെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ധീരേന്ദ്ര ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
ഹിന്ദുത്വത്തിന്റെ പേരില്‍ ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു.
‘ഗുജറാത്തിലെ ജനങ്ങള്‍ ഇതുപോലെ ഒന്നിക്കുന്നത് നല്ലകാര്യം. നിങ്ങള്‍(ഹിന്ദുക്കള്‍) ഇങ്ങനെ ഒന്നിച്ചാല്‍ ഇന്ത്യയെയും പാകിസ്ഥാനെയും ഹിന്ദു രാഷ്ട്രമാക്കാനാകും,’ ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു.