കൊച്ചി : മഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിനെതിരെ വിമര്‍ശനവുമായി സീന ഭാസ്‌കര്‍.
അധികാരം മനുഷ്യനെ മദചിത്തനാക്കും. സ്വന്തം സഖാവായ സഹോദരന്‍ പിടഞ്ഞ് മരിക്കുമ്പോള്‍ അതിനെ ഒറ്റപ്പെട്ട സംഭവമാകുന്നത് വേദനജനകമാണെന്നും സീന ഭാസ്‌കര്‍ പറയുന്നു.
മുകളിലേക്ക് ചവിട്ടിക്കയറാനുള്ള പടികള്‍ ഉണ്ടാക്കാനുള്ള തിരക്കിലാണ് എല്ലാവരും എന്നും അവര്‍ പറഞ്ഞു.
രക്തസാക്ഷികളും സഖാക്കളും ഉയരുപതാകെ പാറുപതാകെ വാനിലുയര്‍ന്ന് പാറുപതാകെ എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോള്‍ ഇവര്‍ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയര്‍ച്ച മാത്രം നോക്കിയിരിക്കും.
പക്ഷേ ഈ പടര്‍ച്ച ഒരു അര്‍ബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവര്‍ക്കുണ്ട്… ഇവരെ ഉയര്‍ത്തിയവര്‍ക്ക് തിരിച്ചറിയാനാവും… സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അര്‍ബുദങ്ങളെ ഭേദമാക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു…എന്ന് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ കൂടിയായ സീന.
കഴിഞ്ഞ ദിവസം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് കൊണ്ട് ചിന്താ ജെറോം ഫേസ്ബുക്കിലിട്ട കുറിപ്പിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
“സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്പസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ..ഹൃദയം നീറുന്നു” എന്നായിരുന്നു ചിന്ത ഫേസ്ബുക്കില്‍ കുറിച്ചത്
എന്നാല്‍ മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തെ ലഘൂകരിക്കുകയും അപമാനിക്കുകയുമാണ് ചിന്ത ചെയ്തതെന്നും കൊന്നതാരാണെന്നും എന്തിനാണെന്നും പറയാതെ മൂന്നാംകിട മാഗസിന്‍ സാഹിത്യം വിളമ്പാന്‍ എങ്ങനെ കഴിയുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെടുന്നത്. ഇതിനകം തന്നെ അഞ്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുമുണ്ട്. അഭിമന്യുവിന്റെ കൊലപാതകത്തെ കേരളസമൂഹം ഒന്നടങ്കം എതിര്‍ക്കുമ്പോഴാണ് കൊലപാതകികളുടെ സംഘടനയുടെ പേരു പോലും പറയാതെ ചിന്തയുടെ പ്രസ്താവന.