Kerala
വിവാഹം ചെയ്ത ഹിന്ദുയുവതിയെ മതം മാറ്റണമെന്ന് എസ്.ഡി.പി.ഐ; മതരഹിത വിവാഹത്തെ പിന്തുണച്ച് സി.പി.ഐ.എം; വണ്ടാനത്ത് സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 16, 05:38 am
Saturday, 16th September 2017, 11:08 am

ആലപ്പുഴ: ആലപ്പുഴയിലെ സി.പി.ഐ.എം- എസ്.ഡി.പി.ഐ സംഘര്‍ഷത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മത രഹിത വിവാഹമെന്ന് റിപ്പോര്‍ട്ട്.

പുറക്കാട് സ്വദേശിയായ അന്‍സില്‍ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം ഹിന്ദു യുവതിയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ യുവതിയെ മതം മാറ്റണമെന്നാവശ്യപ്പെട്ട് പള്ളി കമ്മിറ്റി അംഗമായ എസ്.ഡി.പിഐ പ്രവര്‍ത്തകന്‍ അന്‍സിലിന്റെ വീട്ടില്‍ വരുകയായിരുന്നു.

എന്നാല്‍ അതിന് തയ്യാറല്ലെന്ന് അന്‍സിലും കുടുംബവും അറിയിച്ചതിന് പിന്നാലെ ഇവരെ പള്ളിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പള്ളിയില്‍ നിന്നും പുറത്താക്കിയാലും പെണ്‍കുട്ടിയെ മതംമാറ്റാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയായിരുന്നു കുടുംബവും.


Dont Miss ജീവിക്കാനായി അവയങ്ങള്‍ വില്‍ക്കേണ്ടി വരുന്നു; ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും വെളിപ്പെടുത്തലുമായി പൗരന്‍


ഇതിന് ശേഷം ആഗസ്റ്റ് 27 ന് അന്‍സിലും കുടുംബവവും നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ മുസ്‌ലീം കുടുംബങ്ങള്‍ ഒന്നും പങ്കെടുക്കരുതെന്ന് പ്രദേശത്തെ എസ്.ഡി.പി.ഐക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രദേശത്തുള്ളവര്‍ ഈ ആവശ്യം തള്ളി വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.

പ്രദേശത്തെ സി.പി.ഐ.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു വിവാഹസല്‍ക്കാരത്തിന് നേതൃത്വം നല്‍കിയത്. ഇതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലയിലെ പുറക്കാട് വണ്ടാനം മേഖലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.ഡി.പി.ഐക്കാര്‍ ആക്രമണം അഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹത്തിന് അഭിവാദ്യം അര്‍പ്പിക്കുന്ന ഡി.വൈ.എഫ്.ഐയുടെ ബോര്‍ഡ് എസ്.ഡി.പി.ഐയുടെ ബോര്‍ഡ് വെച്ച് മറച്ചിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് ഇത് മാറ്റിസ്ഥാപിക്കുകയായിരുന്നു.

അതിനിടെ വിവാഹത്തിനായി മുന്‍കൈയെടുത്ത എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗ് അജ്മല്‍ ഹസന്‍ അരുണ്‍ എന്നിവരെ എസ്.ഡി.പി.ഐക്കാര്‍ മര്‍ദ്ദിച്ചു.എസ്.ഡി.പി.ഐ ആക്രമണത്തിനെതിരെ ഇന്നലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇത് കഴിഞ്ഞ് തിരിച്ചുവരുമ്പോഴും പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.ഡി.പി.ഐ ആക്രമണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.