ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത താരങ്ങളുടെ അതിപ്രസരമാണ്. എല്ലാ മേഖലയിലും കഴിവുള്ള ഒരുപാട് കളിക്കാര്‍ ഇന്ത്യക്കുണ്ട്. ഈ കാരണം കൊണ്ട് മാത്രം അവസരം നഷ്ടമാകുന്ന ഒരുപാട് കളിക്കാരുമുണ്ട്. എന്നാല്‍ ശ്രേയസ് അയ്യരിന് അങ്ങനെ അവസരം നഷ്ടപ്പെടാറില്ല.
അദ്ദേഹം ക്രിക്കറ്റില്‍ സജീവമായത് മുതല്‍ ടീമില്‍ സ്ഥിരാംഗമാണ്. ബാറ്റിങ്ങില്‍ ഒരുപാട് തവണ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. എന്നാല്‍ അദ്ദേഹത്തിനും പോരായ്മകളുണ്ട്. ബൗളര്‍മാര്‍ ആ പോരായ്മ കണ്ടെത്തിയിട്ടുണ്ട്. ഇനിയത് മറികടക്കണമെന്നുള്ളത് അയ്യരിന്റെ ആവശ്യമാണ്.
ബാറ്റിങ്ങിനൊപ്പം മികച്ച ക്യാപ്റ്റന്‍സി സ്‌കില്ലുമുള്ള താരമാണ് അയ്യര്‍. ഭാവി ഇന്ത്യന്‍ നായകിലേക്കുള്ള മത്സരത്തില്‍ മുന്നില്‍ തന്നെ താരമുണ്ട്. എന്നാല്‍ ഷോട്ട് ബോളിലെ തന്റെ പോരായ്മ മറികടന്നില്ലെങ്കില്‍ ടീമില്‍ നിന്നും വരെ താരം പുറത്തായേക്കാം എന്നാണ് മുന്‍ ന്യൂസിലാന്‍ഡ് താരം സ്‌കോട്ട് സ്റ്റൈറിസിന്റെ അഭിപ്രായം.
ശ്രേയസിന്റെ നേതൃത്വം മികച്ചതാണെന്നും അദ്ദേഹത്തിന് ഭാവി ഇന്ത്യന്‍ നായകനാകാന്‍ സാധിക്കുമെന്നും സ്റ്റൈറിസ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആവശ്യമായ അവസരങ്ങള്‍ നല്‍കണമെന്നും സ്റ്റൈറിസ് അഭിപ്രായപ്പെട്ടു.
‘ശ്രേയസ് അയ്യരില്‍ എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃത്വപരമായ ഗുണങ്ങളാണ്. ഇന്ത്യയുടെ ക്യാപ്റ്റനാകാനുള്ള സാധ്യത അദ്ദേഹത്തില്‍ ഞാന്‍ കാണുന്നു. ഇക്കാരണത്താല്‍, അവന്‍ കൂടുതല്‍ കളിക്കുന്നത് കാണാനായി സ്‌ക്വാഡില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ സ്റ്റൈറിസ് പറഞ്ഞു.
ഷോട്ട് ബോളിനെതിരെയുള്ള അയ്യരിന്റെ പതര്‍ച്ച പകല്‍ പോലെ വെളിച്ചമാണ്. അദ്ദേഹത്തിന് ബാറ്റിങ്ങില്‍ സീക്രട്ടുകളൊന്നുമില്ലെന്നാണ് സ്‌റ്റൈറിസ് പറയുന്നത്. ഷോട്ട് ബോളുകളിലെ അയ്യരിന്റെ വീക്ക്‌നസ് എല്ലാവര്‍ക്കും മനസിലായെന്നും അത് അയ്യര്‍ മറികടക്കണമെന്നും അദ്ദേഹം പറയുന്നു.
‘എനിക്ക് ഇഷ്ടപ്പെടാത്തത് ശ്രേയസിനെ കുറിച്ച് ഒരു രഹസ്യവുമില്ല എന്നതാണ്. ഷോര്‍ട്ട് ബോളില്‍ അദ്ദേഹത്തിന് പ്രശ്‌നങ്ങളുണ്ട്. പേസ് ബൗളര്‍മാര്‍ ബൗണ്‍സര്‍ ഉപയോഗിച്ച് ബോഡി ലൈന്‍ പന്തുകള്‍ എറിഞ്ഞ് ഒരുപാട് ടീമുകള്‍ അവനെ ആക്രമിക്കുന്നത് നിങ്ങള്‍ കാണുന്നതാണ്,’ സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ അറ്റാക്കിങ് ബാറ്റര്‍ സുരേഷ് റെയ്‌നക്കും സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പോരായ്മയും അതു തന്നെയായിരുന്നു. കരിയറിന്റെ ഒരു ഘട്ടത്തിലും അദ്ദേഹം ഷോട്ട് ബോള്‍ പ്രശ്‌നങ്ങള്‍ മറികടന്നിട്ടില്ലായിരുന്നു.
റെയ്‌ന നേരിട്ട അതേ പ്രശ്‌നങ്ങളാണ് അയ്യരിനുമെന്നാണ് സ്റ്റൈറിസ് പറയുന്നത്. അയ്യരിന് ആ പോരായ്മ മറികടക്കേണ്ടതുണ്ടെന്നും അത് മറികടന്നാല്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ ലിസ്റ്റില്‍ അദ്ദേഹത്തിന് കയറിക്കൂടാന്‍ സാധിക്കുമെന്നാണ് സ്‌റ്റൈറിസ് പറയുന്നത്.
‘ടീമുകള്‍ക്ക് ഇപ്പോള്‍ അവനെ എങ്ങനെ ആക്രമിക്കണമെന്ന് അറിയാം. അക്കാര്യത്തില്‍ അവന്‍ സുരേഷ് റെയ്നയെപ്പോലെയാണ്. ആ ബൗളിങ് ശൈലിക്കെതിരെ വിജയിക്കാനുള്ള വഴി കണ്ടെത്തേണ്ടത് ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്നെയാണ്. അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ ആദ്യം എഴുതുന്ന പേരുകളില്‍ ഒരാളായിരിക്കും അയാളെന്ന് ഞാന്‍ കരുതുന്നു.
അവനെക്കുറിച്ചുള്ള എല്ലാ ഗുണങ്ങളും ഞാന്‍ ശരിക്കും ഇഷ്ടപ്പെടുന്നു. അദ്ദേഹം ആ പ്രശ്‌നം മറികടക്കുന്നത് വരെ നിങ്ങള്‍ അവന് അവസരങ്ങള്‍ നല്‍കുമെന്ന് ഞാന്‍ കരുതുന്നു. അയാള്‍ക്ക് വിജയം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് കഴിയുന്ന മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. പക്ഷേ അവന്‍ വളരെ കഴിവുള്ളവനാണ്, ‘ സ്റ്റൈറിസ് കൂട്ടിച്ചേര്‍ത്തു.