national news
'ഇപ്പോഴും തൊട്ടുകൂടായ്മയും ഭ്രഷ്ടും, അവരിപ്പോഴും പോരാട്ടം നടത്തുന്നു'; എസ്.സി-എസ്.ടി നിയമം ലഘൂകരിച്ച വിവാദമായ വിധി സുപ്രീംകോടതി റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 01, 09:45 am
Tuesday, 1st October 2019, 3:15 pm

ന്യൂദല്‍ഹി: എസ്.സി-എസ്.ടി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ലഘൂകരിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 20-നു പുറപ്പെടുവിച്ച വിധിയാണു സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി ഇന്നു റദ്ദാക്കിയത്.

എസ്.സി-എസ്.ടി വകുപ്പുകള്‍ ചുമത്തുന്ന കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷം മാത്രം എഫ്.ഐ.ആറും അറസ്റ്റും മതിയെന്ന് 2018-ല്‍ വരുത്തിയ ഭേദഗതിയാണ് കോടതി റദ്ദാക്കിയത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അറസ്റ്റിന് മുന്‍കൂര്‍ അനുമതി വേണമെന്നതടക്കം വരുത്തിയ ഇളവാണ് ഇതോടെ ഇല്ലാതായത്.

അന്നത്തെ വിധിക്കെതിരെ വ്യാപകമായ പ്രതിഷേധമാണു രാജ്യമെമ്പാടും നടന്നത്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലായിരുന്നു കോടതി നടപടി.

ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.ആര്‍ ഷാ, ബി.ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇപ്പോള്‍ വിധി റദ്ദാക്കിയ ബെഞ്ചിലുണ്ടായിരുന്നത്. തുല്യതയ്ക്കു വേണ്ടി പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ നടത്തുന്ന പോരാട്ടം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഇപ്പോഴും പട്ടികജാതി, വര്‍ഗ വിഭാഗക്കാര്‍ തൊട്ടുകൂടായ്മയും സാമൂഹ്യ ഭ്രഷ്ടും അധിക്ഷേപവും നേരിടുന്നുണ്ടെന്നും കോടതി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എസ്.സി, എസ്.ടി നിയമം ഉപയോഗിച്ച് വ്യാജക്കേസുകള്‍ ഫയല്‍ ചെയ്യുന്നത് ജാതിവ്യവസ്ഥയുടെ കുഴപ്പമല്ലെന്നും മനുഷ്യന്റെ പരാജയമാണെന്നും കോടതി വ്യക്തമാക്കി.