ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ബി.ജെ.പി. നേതാവിന് അനുശോചനം അറിയിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്ത മണിപ്പൂര്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എറെന്ത്രോ ലെയ്‌ച്ചോംബാമിനെ വെറുതെവിട്ട് സുപ്രീം കോടതി. ലെയ്‌ച്ചോംബാമിനെ ഒരു ദിവസം പോലും ജയിലില്‍ വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
മണിപ്പൂര്‍ ബി.ജെ.പി. അധ്യക്ഷനായിരുന്ന എസ്. ടിക്കേന്ദ്ര സിങ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പേരിലാണ് ലെയ്ച്ചോംബാമിനെ മെയ് 13-ന് അറസ്റ്റ് ചെയ്തത്.
‘കൊറോണയ്ക്കുള്ള മരുന്ന് ചാണകവും പശുമൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യ ബോധവുമാണ് എന്നായിരുന്നു ടിക്കേന്ദ്ര സിംഗിന് അനുശോചനറിയിച്ചുകൊണ്ടുള്ള ലെയ്ച്ചാംബാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മെയ് 13നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു നിമിഷം ലെയ്ച്ചാംബാമിനെ തടങ്കലില്‍ വെക്കരുതെന്നും അഞ്ചുമണിക്കുള്ളില്‍ മോചിപ്പിക്കണമെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആര്‍. ഷായുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലെയ്ച്ചാംബാമിനെ തടങ്കലില്‍ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്നും കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഇന്നു തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.
വ്യവസ്ഥകള്‍ക്ക് ബാധകമായി 1000 രൂപയുടെ സ്വന്തം ജാമ്യത്തിനാണ് ലെയ്ച്ചാംബാമിനെ വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പോസ്റ്റിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് മണിപ്പൂര്‍ ബി.ജെ.പി. പ്രസിഡന്റ് ഉഷം ദേബന്‍ സിംഗ് നല്‍കിയ പരാതിയിലാണ് മണിപ്പൂര്‍ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
മെയ് 17ന് ഇംഫാല്‍ വെസ്റ്റിലെ ജില്ലാ മജിസ്‌ട്രേറ്റ് കിരണ്‍ കുമാര്‍ ആണ് ലെയ്ച്ചാംബാമിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ ഉത്തരവിട്ടത്. ലെയ്ച്ചാംബാമിന്റെ പോസ്റ്റ് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമൂഹ്യക്രമത്തിനും ഭീഷണിയാണെന്നായിരുന്നു കീഴ്‌ക്കോടതി വിധി. ഇതിനെതിരെ ലെയ്ച്ചാംബാമിന്റെ പിതാവ് രഘുമണി സിംഗ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
കൊവിഡ് ഭേദമാകാന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിക്കാമെന്ന് നിരവധി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഇതിനുള്ള മറുപടിയായാണ് ലെയ്ച്ചാംബാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്നാണ് പിതാവിന്റെ ഹരജിയില്‍ പറയുന്നത്.