Daily News
ഇന്റര്‍നെറ്റ് സമത്വം: അഭിപ്രായം അറിയിക്കാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Dec 28, 05:55 am
Monday, 28th December 2015, 11:25 am

free-basics
ഇന്റര്‍നെറ്റ് സമത്വം: നിങ്ങള്‍ക്കിനി വോട്ടു ചെയ്യാന്‍ രണ്ടു ദിവസം കൂടി മാത്രം

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വത്തിനു വേണ്ടി വോട്ടു ചെയ്യാന്‍ നിങ്ങള്‍ക്കിനി രണ്ടു ദിവസം കൂടി മാത്രം. ഡിസംബര്‍ 30 ആണ് ട്രായ്ക്ക് മറുപടി അയക്കാനുള്ള അവസാന തിയ്യതി.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം കുത്തകവത്കരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫേസ്ബുക്കിന്റെ നേതൃത്വത്തില്‍ ഫ്രീ ബേസിക്‌സ് എന്ന പേരില്‍ കാമ്പെയന്‍ കൊണ്ടുവന്നിരുന്നു.

ഇന്ത്യയില്‍ ഫ്രീബേസിക്‌സ് അപകടത്തിലാണെന്നും ഇതിനെ രക്ഷിക്കാന്‍ ട്രായിക്ക് ഇമെയില്‍ അയക്കാനുമുള്ള നോട്ടിഫിക്കേഷന്‍ എന്ന രീതിയിലാണ് ഫേസ്ബുക്ക് കെണിയൊരുക്കിയത്.

ഇതിനെതിരെ ട്രായിക്ക് മെയില്‍ അയക്കാനും ഫേസ്ബുക്ക് അഭ്യാര്‍ത്ഥിച്ചു. ഇത് ഇന്റര്‍നെറ്റിനെ സംരക്ഷിക്കാനുള്ളതാണെന്ന് തെറ്റിദ്ധരിച്ച് പലരും ഇതു പിന്തുടര്‍ന്നു. അഞ്ചരലക്ഷത്തോളം പേര്‍ ഈ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ ഇന്‍ര്‍നെറ്റ്.ഓര്‍ഗ് എന്ന പേരില്‍ ഫേസ്ബുക്ക് ഇത്തരമൊരു കാമ്പെയ്ന്‍ കൊണ്ടുവന്നിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴിയുളള ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഈ കാമ്പെയ്‌നിനെ നെറ്റ് ഉപഭോക്താക്കള്‍ വോട്ടു ചെയ്തു പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ  സാഹചര്യത്തിലാണ് പുതിയൊരു പേരില്‍ ഫേസ്ബുക്ക് വീണ്ടും കെണിയൊരുക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വം നിലനിര്‍ത്തണമെങ്കില്‍ ഉപഭോക്താക്കള്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഫേസ്ബുക്കിന്റെ നീക്കങ്ങളെ നിങ്ങള്‍ക്ക് വോട്ടുകളിലൂടെ പരാജയപ്പെടുത്താം.

ഇന്റര്‍നെറ്റ് സമത്വത്തിന് അനുകൂലമായി നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ “http://savetheinternet.in ല്‍ ചെന്ന് Respond to TRAI now എന്നതില്‍ ക്ലിക്ക് ചെയ്യുക. മുന്‍കൂര്‍ തയ്യറാക്കിയ മറുപടി പ്രത്യക്ഷപ്പെടും. കമ്പ്യൂട്ടറില്‍ നിന്നാണെങ്കില്‍ വരുന്ന മറുപടി നിങ്ങളുടെ ഇമെയിലേയ്ക്ക് To CC അഡ്രസ്സുകള്‍ സഹിതം കോപ്പി പേസ്റ്റ് ചെയ്യുക (Done അടിച്ചതിനു ശേഷം gmail / yahoo / outlook ബട്ടണില്‍ ക്ലിക്കിയാല്‍ To CC Subject ഒക്കെ തന്നെ പുതിയ മെയില്‍ വിന്‍ഡോയില്‍ തുറന്നുവരും. മെസ്സേജ് മാത്രം കോപ്പി പേസ്റ്റിയാല്‍ മതിയാവും). മൊബൈലില്‍ നിന്നാണെങ്കില്‍ ഇതു നിങ്ങളുടെ ഇമെയില്‍ ആപ്പില്‍ തന്നെ തുറന്നു വരും . കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല.

അതു വായിച്ചു നോക്കുക. തിരുത്തുകളുണ്ടെങ്കില്‍ വരുത്തുക. നേരെ അയക്കുക.”

ട്രായിയുടെ കണ്‍സല്‍ട്ടേഷനു മറുപടിയായി ഇതുവരെ പോയ കത്തുകളുടെ എണ്ണം ഓരോ അരമണിക്കൂറിനുള്ളിലും https://twitter.com/bulletinbabu എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ലഭ്യമാകും.