കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സംഘപരിവാര്‍ ആക്രമണം അഴിച്ചു വിടുന്ന സാഹചര്യത്തില്‍ കേരളത്തെ ആര്‍.എസ്.എസ് ഭീകരതയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഹാഷ്ടാഗ് ക്യാമ്പയ്ന്‍.
സേവ് കേരള ഫ്രം ആര്‍.എസ്.എസ് എന്ന ഹാഷ്ടാഗുമായി നിരവധി പേരാണ് പ്രധാനമന്ത്രിയുടെ പോസ്റ്റുകള്‍ക്ക് കീഴില്‍ കമന്റുമായി എത്തുന്നത്. ഹാഷ്ടാഗിലൂടെയും ട്രോളുകളിലൂടെയുമാണ് മലയാളികള്‍ തങ്ങളുടെ ആവശ്യം പ്രധാനമന്ത്രിക്കു മുന്നില്‍ ഉന്നയിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്കില്‍ പേജിലും മലയാളികള്‍ സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്.
നേരത്തെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രത്തില്‍ നിന്നും ഭരണഘടനയനുസരിച്ചുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞിരുന്നു.
സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും നേതാക്കള്‍ക്കെതിരെയും അക്രമമഴിച്ചു വിടുന്നെന്ന് ആരോപിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ്.
കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചവിടണമെന്നും രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്നും ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സര്‍ക്കാരിനെ പിരിച്ചുവിടുമെന്നുള്ള ഭീഷണിയൊന്നും ഇവിടെ വിലപ്പോവില്ലെന്ന് ബി.ജെ.പിക്ക് മുഖ്യമന്ത്രിയുടെ മറുപടി നല്‍കിയിരുന്നു. വിരട്ടലിന്റെ കാലമൊക്കെ കഴിഞ്ഞു പോയി. അതിനൊന്നുമുള്ള ശേഷിയൊന്നും നിങ്ങള്‍ക്കില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
അടുത്ത കാലത്ത് കേരളത്തിലെ ആകെ നടന്ന അക്രമങ്ങളില്‍ 91.71 ശതമാനവും സംഘപരിവാര്‍ സംഘടനകള്‍ നടത്തിയതാണെന്നാണ് കണക്കുകള്‍.
ജനുവരി രണ്ടിലെ സംഘപരിവാര്‍ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. ഹര്‍ത്താല്‍ അവസാനിച്ചതിനു ശേഷവും ആക്രമണങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല. ബി.ജെ.പിയുടേയും സി.പി.ഐ.എമ്മിന്റേയും നേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണവും ബോംബേറും ഉണ്ടായി.