ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് അവസരം ലഭിക്കാതെ സൗരവ് ഗാംഗുലി നിരാശയോടെ മടങ്ങി. ഈ മാസം 18നാണ് ബി.സി.സി.ഐയുടെ ഭരണസമിതി കാലാവധി അവസാനിക്കുക. അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടാമതൊരു അവസരം കൂടി ഗാംഗുലി ആഗ്രഹിച്ചെങ്കിലും നൽകാനാകില്ലെന്ന് സെക്രട്ടറി ജയ് ഷായും സംഘവും അറിയിക്കുകയായിരുന്നു.
ബി.സി.സി.ഐ പ്രസിഡന്റ് പദവിയിൽ ഗാംഗുലിക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ലെന്നും പരാജയമായിരുന്നു ഫലമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ദല്‍ഹിയിൽ നടന്ന ചർച്ചയിൽ രൂക്ഷവിമർശനമാണ് സൗരവ് ഗാംഗുലി നേരിട്ടിരുന്നെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം പ്രസിഡന്റ് സ്ഥാനത്ത് ഒരിക്കൽ കൂടി മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച ഗാംഗുലിക്ക് മുന്നിൽ ഐ.പി.എൽ ചെയർമാൻ പദവി വച്ചുനീട്ടിയെങ്കിലും ഗാംഗുലി ഓഫർ നിരസിക്കുകയായിരുന്നു. നിലവിലെ സ്ഥാനത്ത് നിന്ന് താഴോട്ട് പോകാൻ താത്പര്യമില്ലാത്തതിനാലാണ് ഇന്ത്യൻ പ്രീമീയർ ലീഗ് ചെയർമാനാകാൻ താരം വിസമ്മതിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഐ.സി.സി ചെയർമാൻ പദവിയിലേക്കും ഗാംഗുലിയെ പരിഗണിക്കില്ലെന്ന് ജയ് ഷാ വ്യക്തമാക്കി. നിലവിലെ ബി.സി.സി.ഐയുടെ ട്രഷറർ അരുൺ സിങ് ധൂമൽ ഐ.പി.എൽ തലപ്പത്ത് എത്തുമെന്നാണ് സൂചന.
2019ൽ ബ്രിജേഷ് പട്ടേലിനെ മറികടന്ന് അവസാന നിമിഷം ബി.സി.സി.ഐ തലപ്പത്തെത്തിയ ഗാംഗുലി വൈകാതെ ജയ് ഷായുടെ നിഴലിലൊതുങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ചട്ടവിരുദ്ധമായി പങ്കെടുത്തതും ഇന്ത്യൻ നായകനായിരുന്ന വിരാട് കോഹ്‌ലിക്കെതിരെ പരസ്യനിലപാട് സ്വീകരിച്ചതും ഗാംഗുലിയെ വിവാദത്തിലാക്കുകയായിരുന്നു.
ചില ഘട്ടങ്ങളിൽ ബി.ജെ.പി അനുകൂല നിലപാടുകൾ സ്വീകരിച്ചത് ഗാംഗുലിക്ക് അധ്യക്ഷ സ്ഥാനം നീട്ടി നൽകാനുളള അവസരമൊരുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളണ്ടായിരുന്നു. അതേസമയം പേസർ മുഹമ്മദ് ഷമിക്കെതിരെ സൈബർ ആക്രമണമുണ്ടായപ്പോൾ നിശബ്ദനായത് താരത്തിന് തിരിച്ചടിയായി.