ഫ്രാന്‍സിനെ വിലക്കാന്‍ എര്‍ദൊഗാന്‍; ഇടയില്‍ തുര്‍ക്കിക്ക് കുരുക്കിട്ട് സൗദി
World News
ഫ്രാന്‍സിനെ വിലക്കാന്‍ എര്‍ദൊഗാന്‍; ഇടയില്‍ തുര്‍ക്കിക്ക് കുരുക്കിട്ട് സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th October 2020, 1:43 pm

റിയാദ്: പ്രവാചകനിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സിനെതിരെ നിരോധനഹ്വാനം പ്രഖ്യാപിച്ചിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. ഫ്രാന്‍സിന്റെ എല്ലാ ഉല്‍പന്നങ്ങളും ബഹിഷ്‌കരിക്കാനാണ് എര്‍ദൊഗാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് മുസ്‌ലിം രാജ്യങ്ങളിലും ഫ്രാന്‍സ് ബിസിനസിന് അനൗദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ഇതിന് മാസങ്ങള്‍ക്കു മുമ്പേ തുര്‍ക്കി ഉല്‍പന്നങ്ങള്‍ക്ക് സൗദി അറേബ്യയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലെ തുര്‍ക്കിയിലെ ഭൂരിഭാഗം ഉല്‍പന്നങ്ങളുടെയും സ്ഥാനം ഗ്രീക്ക് ഉല്‍പന്നങ്ങള്‍ക്കാണ്.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധത്തിനു പിന്നാലെ തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍ സൗദിക്കെതിരെ നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് അനൗദ്യോഗിക വിലക്ക് വന്നത്.

 

സൗദിയിലെ പ്രധാന പലചരക്ക് ശൃംഖലകളായ അബ്ദുള്ള അല്‍ ഒതൈം മാര്‍ക്കറ്റ്‌സ് ഉള്‍പ്പെടെയുള്ള സൗദി ബിസിനസുകള്‍ തുര്‍ക്കിയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതുപോലെ ചെറുതും വലുതുമായ നിരവധി തുര്‍ക്കി വിപണികള്‍ക്ക് സൗദിയില്‍ വിലക്കുണ്ട്. അടുത്തിടെ സൗദിയിലെ ഒരു വ്യാപാര ശൃംഖലയിലെ ഉല്‍പ്പന്നമായിരുന്ന തുര്‍ക്കിഷ് ബര്‍ഗറിനു പകരം ഇപ്പോള്‍ ഗ്രീക്ക് ബര്‍ഗര്‍ ആണ് വിപണനം ചെയ്യുന്നത്.

സൗദിയുടെ നിരോധനം തുര്‍ക്കിയുടെ വാണിജ്യമേഖലയെ ബാധിക്കുന്നുണ്ട്. ഒക്ടോബര്‍ മാസം ആദ്യവാരം തുര്‍ക്കിയിലെ പ്രമുഖ എട്ട് ബിസിനസ് ഗ്രൂപ്പുകള്‍ സൗദി-തുര്‍ക്കി വ്യാപാര പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

 

പ്രമുഖ സ്പാനിഷ് വസ്ത്ര ബ്രാന്‍ഡായ മാംഗോ സൗദി നിരോധനം കാരണം തുര്‍ക്കിയില്‍ നിന്നും തങ്ങളുടെ ശാഖ മാറ്റുന്നത് പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയത്.

യു.എസിലെയും യൂറോപ്പിലെയും നിരവധി ഫാഷന്‍ബ്രാന്‍ഡുകള്‍ നിലവില്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ പ്രമുഖ ബ്രാന്‍ഡാണ് മാംഗോ. സൗദി വലിക്ക് തുടര്‍ന്നാല്‍ മറ്റ് കമ്പനികളും സമാനമായ തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content  Highlight: Saudis unofficial ban on Turkish product