ഇസ്താംബൂള്‍: ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലെ സി.സി.ടി.വി ക്യാമറകള്‍ എംബസി ജീവനക്കാര്‍ കേടാക്കിയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2ന് ഖഷോഗ്ജി കൊല്ലപ്പെട്ട ദിവസം കെട്ടിടത്തിനകത്തെ ക്യാമറ ഓഫാക്കിയതായി തുര്‍ക്കി സര്‍ക്കാര്‍ അനുകൂല പത്രമായ സബാഹ് റിപ്പോര്‍ട്ട് ചെയ്തു.
എംബസിക്ക് പുറത്തുള്ള പൊലീസ് സെക്യൂരിറ്റി ബൂത്തിലെ ക്യാമറ കേടാക്കിയതായും റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍ 6ന് പുലര്‍ച്ചെ ഒരു മണിക്ക് എംബസി ജീവനക്കാരന്‍ ബൂത്തിനടുത്തുള്ള വീഡിയോ സംവിധാനം തകരാറിലാക്കിയെന്നാണ് പറയുന്നത്.
തെളിവുകള്‍ നശിപ്പിക്കാന്‍ സൗദി ഭരണകൂടം 11 അംഗ സംഘത്തെ തുര്‍ക്കിയിലേക്ക് അയച്ചന്നെും സബാഹ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഖഷോഗ്ജി കൊല്ലപ്പെട്ട് ഒമ്പതു ദിവസത്തിനുശേഷം ഒക്ടോബര്‍ 11ന് സൗദി അറേബ്യ 11 അംഗ സംഘത്തെ അയച്ചെന്നാണ് റിപ്പോര്‍ട്ട്. കെമിസ്റ്റ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ജനോബി, ടോക്സികോളജി എക്സ്പേര്‍ട്ട് ഖാലിദ് യഹിയ അല്‍ സഹ്രാനി എന്നിവരുള്‍പ്പെടെയുള്ള സംഘത്തെ അന്വേഷണ സംഘം എന്ന പേരിലാണ് തുര്‍ക്കിയിലേക്ക് അയച്ചത്.
ഒക്ടോബര്‍ 17വരെ ഇവര്‍ എല്ലാദിവസവും കോണ്‍സുലേറ്റ് സന്ദര്‍ശിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 20നാണ് ഇവര്‍ തുര്‍ക്കിയില്‍ നിന്നും തിരിച്ചത്. ഇക്കാരണം കൊണ്ടാണ് ഒക്ടോബര്‍ 15 വരെ സൗദി അറേബ്യ തുര്‍ക്കി പൊലീസിനെ കോണ്‍സുലേറ്റ് പരിശോധിക്കാന്‍ അനുവദിക്കാതിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കുശേഷമാണ് കൊലപാതകം സൗദി അധികൃതര്‍ സ്ഥിരീകരിച്ചത്.
എന്നാല്‍ ഒരുമാസത്തിനിപ്പുറവും ഖഷോഗ്ജിയുടെ മൃതശരീരം എന്തുചെയ്തുവെന്നതു സംബന്ധിച്ച് കൃത്യമായ വിശദീകരണമൊന്നും സൗദി നല്‍കിയിട്ടില്ല.
കൊലപാതകത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന ആരോപണം ചില തുര്‍ക്കിഷ് ഉദ്യോഗസ്ഥരും യു.എസ് നിയമജ്ഞരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സൗദി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.