റിയാദ്: മക്ക തീര്‍ത്ഥാടകര്‍ക്ക് വേണ്ടി വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ കൊണ്ടുവന്ന് സൗദി അറേബ്യ. കഅബയിലെ ‘കറുത്ത കല്ല്’ വി.ആര്‍ ടെക്‌നോളളജിയിലൂടെ മുസ്‌ലിങ്ങളുടെ സ്വീകരണമുറിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം.
അല്‍-ഹജ്ര്‍ അല്‍-അസ്‌വദ് (ഹജറുല്‍ അസ്‌വദ്) എന്ന് അറബിയില്‍ വിളിക്കപ്പെടുന്ന, ഇസ്‌ലാം മതവിശ്വാസത്തില്‍ വിശുദ്ധമായി കണക്കാക്കുന്ന, 30 സെന്റീമീറ്റര്‍ വ്യാസത്തിലുള്ള പാറയാണ് ടെക്‌നോളജയിലൂടെ വിശ്വാസികള്‍ക്ക് മുന്നിലെത്തിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നത്.
‘വിര്‍ച്വല്‍ ബ്ലാക്ക് സ്റ്റോണ്‍ ഇനീഷ്യേറ്റീവ്’ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.
മക്കയുടെ ഗ്രാന്‍ഡ് ഇമാമായ ഷെയ്ഖ് അബ്ദുല്‍ റഹ്‌മാന്‍ അല്‍-സുദെയ്‌സ് ആണ് വി.ആര്‍ ടെക്‌നോളജി ലോഞ്ച് ചെയ്തത്. ആദ്യത്തെ വിര്‍ച്വല്‍ അനുഭവവും അദ്ദേഹത്തിന്റേതായിരുന്നു.
ടെക്‌നോളജി വരുന്നതോടെ കല്ലിനെ തൊടുന്നത് പോലുള്ള അനുഭവം വിശ്വാസികള്‍ക്ക് അവരുടെ വീട്ടിലിരുന്നും ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
കഅബയുടെ തെക്കുകിഴക്കന്‍ കോര്‍ണറില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാറയാണിത്.
സൗദിയില്‍ കൊവിഡിന്റെ സാഹചര്യത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവരുടെ എണ്ണം കുറക്കുകയും മറ്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ടെക്‌നോളജി കൊണ്ടുവന്നിരിക്കുന്നത്.