സൗദി നിയമങ്ങള്‍ മാറ്റത്തിന്റെ പാതയില്‍; രാജ്യത്ത് കുട്ടികള്‍ക്കിനി വധശിക്ഷയില്ല, തീരുമാനം ചാട്ടവാറടി നിര്‍ത്തലാക്കിയതിനു പിന്നാലെ
World News
സൗദി നിയമങ്ങള്‍ മാറ്റത്തിന്റെ പാതയില്‍; രാജ്യത്ത് കുട്ടികള്‍ക്കിനി വധശിക്ഷയില്ല, തീരുമാനം ചാട്ടവാറടി നിര്‍ത്തലാക്കിയതിനു പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th April 2020, 8:47 am

റിയാദ്: സൗദി അറേബ്യയില്‍ കുട്ടികളെ വധശിക്ഷക്ക് വിധിക്കുന്നത് നിര്‍ത്തലാക്കി. സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവ്വദ് അലവാദ് ആണ് രാജകീയ ഉത്തരവ് ഉദ്ധരിച്ച് കൊണ്ട് പ്രഖ്യാപനം നടത്തിയത്.
കുറ്റം ചെയ്യുന്ന സമയത്ത് പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളെയാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നത്. പകരം ഇവര്‍ക്ക് 10 വര്‍ഷത്തിനു മുകളിലല്ലാത്ത  ജുവൈനൈല്‍ തടവ് ശിക്ഷയാണ് വിധിക്കുക.

പുതിയ ഉത്തരവ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചെറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കും എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ അറബ് വസന്ത പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കെപ്പെട്ട ആറോളം ഷിയ ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാര്‍ സൗദി ജയിലിലുണ്ട്. ഇവര്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോള്‍ 18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. നേരത്തെ ഇവരെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ട് യു.എന്നടക്കം രംഗത്തു വന്നിരുന്നു.

കഴിഞ്ഞ ദിവസം സൗദിയില്‍ ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയിരുന്നു. സുപ്രീം കോടതി ജനറല്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.
‘സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,’ ഉത്തരവില്‍ പറയുന്നു.

സൗദിയില്‍ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടി എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തു വരുന്നതിനിടെയാണ് പുതിയ നിയമ ഭേഗദതികള്‍ വരുന്നത്.

സൗദിയില്‍ 5 വര്‍ഷ ഭരണകാലയളവിനിടയില്‍ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സര്‍വ്വേയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗദി രാജാവ് സല്‍മാന്റെ ഭരണകാലത്ത് തൂക്കിക്കൊലകള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വര്‍ഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകള്‍ നടന്നിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഒപ്പം ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം സൗദി അറേബ്യയില്‍ 2019 ല്‍ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയില്‍ ഒരു വര്‍ഷം നടന്ന വധശിക്ഷകളില്‍ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരില്‍ ആറ് സ്ത്രീകളും,178 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. 2018 ല്‍ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.