സൗദിയില്‍ 5 വര്‍ഷത്തിനിടെ നടന്നത് 800 വധശിക്ഷകള്‍, തൂക്കിലേറ്റപ്പെടുന്നവരില്‍ കുട്ടികളും രാഷ്ട്രീയ എതിരാളികളും
World News
സൗദിയില്‍ 5 വര്‍ഷത്തിനിടെ നടന്നത് 800 വധശിക്ഷകള്‍, തൂക്കിലേറ്റപ്പെടുന്നവരില്‍ കുട്ടികളും രാഷ്ട്രീയ എതിരാളികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th April 2020, 11:59 pm

സൗദി അറേബ്യയില്‍ 5 വര്‍ഷ ഭരണകാലയളവിനിടയില്‍ തൂക്കിക്കൊന്നത് 800 പേരെ. യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സര്‍വ്വേയിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗദി രാജാവ് സല്‍മാന്റെ ഭരണകാലത്ത് തൂക്കിക്കൊലകള്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വര്‍ഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ല്‍ സല്‍മാന്‍ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകള്‍ നടന്നിരിക്കുന്നത്.

‘ പരിഷ്‌കരണത്തിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും എല്ലാ വാചാടോപങ്ങള്‍ക്കിടയിലും രാജാവിനെതിരെ സംസാരിച്ചാല്‍ നിങ്ങളെ കൊലപ്പെടുത്തുന്ന രാജ്യമാണ് സൗദി,’ റിപ്രൈവ് ഡയരക്ടര്‍ മായ ഫോ പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതില്‍ വിമര്‍ശകരുടെ പദവിയോ പ്രായമോ സൗദി പരിഗണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാരിനെ വിമര്‍ശിച്ച ചില മതപണ്ഡിതരെയും കുട്ടികളെയും വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്രൈവും സൗദിയിലെ മുനഷ്യാവകാശ സംഘടനയായ യൂറോപ്യന്‍-സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂണ്‍ റൈറ്റ്‌സ് എന്ന സംഘടനയും നല്‍കുന്ന വിവര പ്രകാരം നിലവില്‍ 13 കുട്ടികളാണ് സൗദിയില്‍ വധശിക്ഷ ഭീഷണിയിലുള്ളത്.

‘ നവംബറില്‍ റിയാദില്‍ വെച്ച് ജി20 ഉച്ചകോടി നടക്കാനിരിക്കെ സൗദിയുിടെ പാശ്ചാത്യ സഖ്യങ്ങള്‍ കുട്ടികളെയും രാഷ്ട്രീയ എതിരാളികളെയും തൂക്കിലേറ്റുന്നത് നിര്‍ത്താന്‍ സൗദിയോട് ആവശ്യപ്പെടണം. അല്ലാത്ത പക്ഷം അന്താരാഷട്ര നിയമങ്ങളുടെ ഈ ലംഘനം അവര്‍ നിശബ്ദമായി അംഗീകരിക്കുകയാണ്,’ റിപ്രൈവ് ഡയരക്ടര്‍ പറഞ്ഞു.

വധശിക്ഷ ലഭിച്ചവരില്‍ സല്‍മാന്‍ രാജാവിന്റെയും രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും വിമര്‍ശകര്‍ ഉള്‍പ്പെടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2019 ല്‍ 130 പേരെ സൗദി സര്‍ക്കാര്‍ തൂക്കിലേറ്റിയതായും ഇതില്‍ ഭൂരിഭാഗവും മുഹമ്മദ് ബിന്‍ സല്‍മാനെ എതിര്‍ക്കുന്നവരാണെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം വന്ന റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ