2018ല്‍ ശ്രീനിവാസന്‍ രചന നിര്‍വഹിച്ച് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ് ഫാസില്‍ ആയിരുന്നു ഈ സിനിമയില്‍ നായകനായത്. പ്രകാശന്‍ എന്ന ടൈറ്റില്‍ റോളിലായിരുന്നു ഫഹദ് എത്തിയത്.
അഞ്ജു കുര്യന്‍, നിഖില വിമല്‍ എന്നിവര്‍ നായികമാരായി എത്തിയ ചിത്രം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് നിര്‍മിച്ചത്. ഒരുപാട് നാളിന് ശേഷം ശ്രീനിവാസന്‍ – സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ എത്തിയ ഞാന്‍ പ്രകാശന്‍ ബോക്സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു.
സിനിമയിലെ നായകന് പ്രകാശന്‍ എന്ന പേര് നല്‍കിയതിനെ കുറിച്ച് പറയുകയാണ് സത്യന്‍ അന്തിക്കാട്. നായക കഥാപാത്രത്തിന് പ്രകാശന്‍ എന്ന പേര് നല്‍കിയത് ശ്രീനിവാസന്‍ ആയിരുന്നു എന്നാണ് സത്യന്‍ പറയുന്നത്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പ്രകാശന്‍ എന്ന സിനിമയില്‍ നായക കഥാപാത്രത്തിന് പ്രകാശന്‍ എന്ന പേര് നല്‍കിയത് ശ്രീനി തന്നെയായിരുന്നു. ശ്രീനിയുടെ ഇത്തരം കോണ്‍ട്രിബ്യൂഷന്‍ വളരെയേറെ ഉണ്ടായിരുന്നു. പ്രകാശന്‍ ഒരു പഴയ പേരാണെന്നുള്ള തോന്നലിലാണ് പി.ആര്‍. ആകാശ് എന്ന് പരിഷ്‌ക്കരിച്ചത്.
അതെല്ലാം സിനിമക്ക് ഭയങ്കരമായി ഗുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരിലാണ് സിനിമയ്ക്കും ഞാന്‍ പ്രകാശന്‍ എന്നുതന്നെ പേരിടാന്‍ കാരണമായത്. ഇവന്റെ പരിവേഷങ്ങള്‍ മുഴുവന്‍ അഴിഞ്ഞുപോയിട്ട് ഇവന്‍ പ്രകാശന്‍ മാത്രമായി മാറുന്നതാണ് കഥയുടെ പര്യവസാനം,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
സിനിമക്ക് ലഭിച്ച വിജയം തങ്ങള്‍ ആഗ്രഹിച്ചത് തന്നെയായിരുന്നുവെന്നും സത്യന്‍ അഭിമുഖത്തില്‍ പറയുന്നു. തന്നിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലായെന്ന് ബോധ്യപ്പെടുത്തിയ ഒരു സിനിമ കൂടിയായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ പ്രകാശന്‍ സിനിമയുടെ കാര്യം പറഞ്ഞാല്‍, അത് നമ്മള്‍ ആഗ്രഹിച്ച വിജയമാണ്. അല്ലാതെ പ്രതീക്ഷിച്ച വിജയമല്ല. യങ്ങ്സ്റ്റേഴ്സും ഫാമിലിയുമെല്ലാം ഒരേ പോലെ ഇഷ്ടപ്പെടുന്ന സിനിമയായി ഞാന്‍ പ്രകാശന്‍ മാറിയിരുന്നു.
എന്നിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലായെന്ന് നമ്മളെ ബോധ്യപ്പെടുത്തിയ ഒരു സിനിമ കൂടിയായിരുന്നു ഞാന്‍ പ്രകാശന്‍,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad Talks About Sreenivasan And Fahadh Faasil’s Njan Prakashan Movie