'എല്ലാത്തിനും മോദിയെ വിമര്‍ശിക്കേണ്ടതില്ല'; ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂരും
national news
'എല്ലാത്തിനും മോദിയെ വിമര്‍ശിക്കേണ്ടതില്ല'; ജയറാം രമേശിനെ പിന്തുണച്ച് ശശി തരൂരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2019, 8:31 am

ന്യൂദല്‍ഹി:നരേന്ദ്രമോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രസ്താവനയെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. നരേന്ദ്രമോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ പ്രശംസനീയമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

നല്ല കാര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയെ പ്രശംസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തെറ്റുകള്‍ ചൂണ്ടികാട്ടിയുള്ള പ്രതിപക്ഷ വിമര്‍ശനത്തിന് വിശ്വാസ്യത കൂടുമെന്നും തരൂര്‍ പറഞ്ഞു.

‘നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് മോദി എന്തെങ്കിലും നല്ല പ്രവര്‍ത്തികള്‍ ചെയ്യുകയോ പറയുകയോ ചെയ്താല്‍ അത് പ്രശംസനീയമാണെന്നാണ്. അത് പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് വിശ്വാസ്യത നല്‍കും.’ ശശി തരൂര്‍ വ്യക്തമാക്കി.

ജയറാം രമേശിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വിയും രംഗത്തെത്തിയിരുന്നു.
മോദിയെ ക്രൂരനായി ചിത്രീകരിക്കുന്നത് തെറ്റാണ്’ എന്നും ‘വ്യക്താധിഷ്ഠിതമായല്ല, പ്രശ്നാധിഷ്ഠിതമായാണ്’ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നുമായിരുന്നു സിങ്വി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മോദി സര്‍ക്കാറിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കാതിരിക്കുന്നത് പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്.

വ്യാഴാഴ്ചയായിരുന്നു മോദിയെ പിന്തുണച്ച് ജയറാം രമേശ് രംഗത്തുവന്നത്. ‘ 2014നും 2019നും ഇടയില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രവര്‍ത്തനങ്ങളാണ് 30%ത്തിലേറെ വോട്ടു നേടി അധികാരത്തില്‍ തുടരാന്‍ സഹായകരമായത്. അത് പരിഗണിക്കേണ്ട സമയമാണിത്.’ എന്നായിരുന്നു ജയറാം രമേശ് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മോദിയെ അഭിനന്ദിക്കാനല്ല മറിച്ച് ഭരണരംഗത്ത് അദ്ദേഹം കൊണ്ടുവന്ന രീതി തിരിച്ചറിയാനാണ് താന്‍ രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് വിശദീകരിച്ചിരുന്നു.