ബുള്ളറ്റോടിച്ച വൈറല്‍ പെണ്‍സ്ഥാനാര്‍ത്ഥി വിജയിച്ചു
Kerala News
ബുള്ളറ്റോടിച്ച വൈറല്‍ പെണ്‍സ്ഥാനാര്‍ത്ഥി വിജയിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th December 2020, 10:26 am

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ബുള്ളറ്റ് ഓടിച്ച് വൈറലായ പെണ്‍സ്ഥാനാര്‍ത്ഥി ശാരുതി പിയ്ക്ക് വിജയം. കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശാരുതി പി വിജയിച്ചത്. ബൈക്കോടിക്കുന്ന ശാരുതിയുടെ പ്രചരണ പോസ്റ്റര്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ബൈക്കോടിച്ചാണ് വനിതാസ്ഥാനാര്‍ത്ഥി വീടുകളില്‍ എത്തി വോട്ടുചോദിച്ചിരുന്നത്. പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ശാരുതി നേതൃത്വം നല്‍കിയിരുന്നു.

നാട്ടിലെ റേഷന്‍കട നടത്തുന്നയാള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ശാരുതിയാണ് റേഷന്‍കട നടത്തിയിരുന്നത്. എല്‍.എല്‍.ബി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശാരുതി. സംസ്ഥാനത്തെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് ശാരുതി.

പെണ്‍സ്ഥാനാര്‍ത്ഥി ബൈക്ക് ഓടിക്കുന്ന ഫോട്ടോ വെച്ചുള്ള പോസ്റ്റര്‍ മുന്‍പ് കണ്ടിട്ടില്ലെന്നാണ് ശാരുതിയുടെ പോസ്റ്റര്‍ കണ്ട പലരും പറഞ്ഞിരുന്നത്. ഒളവണ്ണ പഞ്ചായത്തില്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രവര്‍ത്തിക്കുമെന്ന് പ്രചാരണഘട്ടങ്ങളില്‍ ശാരുതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Saruthi P Olavanna panchayath cantidate won