സ്വന്തം മണ്ണില്‍ ലോകതോല്‍വി; തല്ലാനുള്ള വടി ബി.സി.സി.ഐക്ക് നിങ്ങള്‍ തന്നെ നല്‍കുന്നു...
Sports News
സ്വന്തം മണ്ണില്‍ ലോകതോല്‍വി; തല്ലാനുള്ള വടി ബി.സി.സി.ഐക്ക് നിങ്ങള്‍ തന്നെ നല്‍കുന്നു...
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th July 2023, 2:46 pm

ദുലീപ് ട്രോഫി സെമി ഫൈനലില്‍ അടിത്തറയിളകി വെസ്റ്റ് സോണ്‍. സെന്‍ട്രല്‍ സോണിനെതിരായ സെമിയിലെ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാന്‍ പാടുപെടുകയാണ് വെസ്റ്റ് സോണ്‍ ബാറ്റര്‍മാര്‍.

ടീമിന്റെ പ്രതീക്ഷയായ താരങ്ങളെല്ലാം തന്നെ ഒന്നടങ്കം മങ്ങിയതാണ് വെസ്റ്റ് സോണിന് തിരിച്ചടിയായത്. പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, സര്‍ഫറാസ് ഖാന്‍, ചേതേശ്വര്‍ പൂജാര എന്നിവരാണ് റണ്‍സ് ഉയര്‍ത്താന്‍ സാധിക്കാതെ കാലിടറി വീണത്.

ടീം സ്‌കോര്‍ 43ല്‍ നില്‍ക്കവെ പൃഥ്വി ഷായുടെ വിക്കറ്റാണ് വെസ്റ്റ് സോണിന് ആദ്യം നഷ്ടമായത്. 54 പന്തില്‍ നിന്നും 26 റണ്‍സ് നേടിയാണ് ഷാ പുറത്തായത്. ഷാ പുറത്തായി കൃത്യം ആറാം പന്തില്‍ തന്നെ സഹ ഓപ്പണറായ പ്രിയങ്ക് പാഞ്ചലും പുറത്തായി. ടീം സ്‌കോര്‍ 43ല്‍ നില്‍ക്കവെ തന്നെയാണ് പാഞ്ചലും പുറത്താകുന്നത്.

വണ്‍ ഡൗണായെത്തിയ ചേതേശ്വര്‍ പൂജാര ക്രീസില്‍ നങ്കൂരമിട്ട് റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചു. നാലാമതായി എത്തിയ സൂര്യകുമാര്‍ ഏഴ് റണ്‍സും അഞ്ചാമന്‍ സര്‍ഫറാസ് ഖാന്‍ പൂജ്യത്തിനും മടങ്ങി.

12 പന്ത് ക്രീസില്‍ നിന്ന ശേഷം നാലാം വിക്കറ്റായാണ് സര്‍ഫറാസ് മടങ്ങിയത്. ശിവം മാവിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു സര്‍ഫറാസിന്റെ മടക്കം. ടീം സ്‌കോര്‍ 56ല്‍ നില്‍ക്കവെയാണ് സൂര്യയും സര്‍ഫറാസും പുറത്തായത്.

33ാം ഓവറില്‍ 27 പന്ത് നേരിട്ട് അഞ്ച് റണ്‍സുമായി ഹേത് പട്ടേലും പുറത്തായതോടെ വെസ്റ്റ് സോണ്‍ പരുങ്ങി. ഒരു വശത്ത് പൂജാരയുണ്ടെന്ന ആരാധകരുടെ ആത്മവിശ്വാസത്തിന് അധികം ആയുസുണ്ടായിരുന്നില്ല. 102 പന്തില്‍ നിന്നും 28 റണ്‍സ് നേടിയാണ് പൂജാരയും പുറത്തായത്.

നിലവില്‍ 55 ഓവര്‍ പിന്നിടുമ്പോള്‍ വെസ്റ്റ് സോണ്‍ 136 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലാണ്.

സെന്‍ട്രല്‍ സോണിനായി ശിവം മാവി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആവേശ് ഖാന്‍, യഷ് താക്കൂര്‍, സൗരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം, മറ്റൊരു സെമി ഫൈനലില്‍ നോര്‍ത്ത് സോണിനും ബാറ്റിങ് തകര്‍ച്ചയാണ്. സൗത്ത് സോണിനെതിരായ മത്സരത്തില്‍ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 52 ഓവറില്‍ 173ന് ഒമ്പത് എന്ന നിലയിലാണ് നോര്‍ത്ത് സോണ്‍.

49 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിങ്ങും 33 റണ്‍സ് നേടിയ അങ്കിത് കുമാറുമാണ് നോര്‍ത്ത് സോണിനായി സ്‌കോര്‍ ചെയ്തത്.

സൗത്ത് സോമിനായി വിദ്വത് കവേരപ്പ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെ.വി. ശശികാന്ത് രണ്ട് വിക്കറ്റും നേടി. വി.വൈശാഖ്, ആര്‍. സായ് കിഷോര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

 

Content Highlight: Sarfaraz Khan and Prithvi Shaw failed in Duleep Trophy Semi Final