പാക്കിസ്ഥാന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റവുമായി ക്രിക്കറ്റ് ബോര്‍ഡ്; സര്‍ഫറാസ് അഹമ്മദ് നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്ത്
Cricket
പാക്കിസ്ഥാന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റവുമായി ക്രിക്കറ്റ് ബോര്‍ഡ്; സര്‍ഫറാസ് അഹമ്മദ് നായകസ്ഥാനത്തു നിന്നും ടീമില്‍ നിന്നും പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2019, 3:36 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് സര്‍ഫറാസ് അഹമ്മദിനെ നീക്കി. ടെസ്റ്റ്, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നാണ് അദ്ദേഹത്തെ നീക്കിയത്. എന്നാല്‍ ഏകദിന ടീമിന്റെ കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

ടെസ്റ്റില്‍ അസ്ഹര്‍ അലിയും ട്വന്റി20-യില്‍ ബാബര്‍ അസവുമാണ് ടീം ക്യാപ്റ്റന്‍. മോശം ഫോമിനെത്തുടര്‍ന്ന് സര്‍ഫറാസിനെ ടെസ്റ്റ്, ട്വന്റി20 ടീമുകളില്‍ നിന്നു പുറത്താക്കുകയും ചെയ്തു.

അടുത്തവര്‍ഷം ജൂലൈ വരെ പാക്കിസ്ഥാന് ടീമിന് ഏകദിന മത്സരങ്ങളൊന്നുമില്ലാത്തതിനാലാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു മാറ്റം വരാത്തത്. ജൂലൈയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് അവരിനി കളിക്കാന്‍ പോകുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാക്കിസ്ഥാനെ റാങ്കിങ്ങില്‍ മുന്നിലെത്തിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും സര്‍ഫറാസ് പ്രതികരിച്ചു. അസ്ഹര്‍ അലിക്കും ബാബര്‍ അസമിനും ടീമിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

തനിക്കു ലഭിക്കാന്‍ പോകുന്നതില്‍ വെച്ചേറ്റവും വലിയ അംഗീകാരമാണ് ക്യാപ്റ്റന്‍സിയെന്നായിരുന്നു അസ്ഹര്‍ പ്രതികരിച്ചത്. സര്‍ഫറാസ് സ്വന്തമാക്കിയ നേട്ടങ്ങള്‍ താന്‍ മുന്നോട്ടു കൊണ്ടുപോകുമെന്നായിരുന്നു ബാബറിന്റെ പ്രതികരണം.

സര്‍ഫറാസിന്റെ കാലത്താണ് പാക്കിസ്ഥാന്‍ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍ഫറാസിന്റെ മോശം ഫോമും ആത്മവിശ്വാസക്കുറവുമാണു മാറ്റത്തിനു കാരണമെന്നായിരുന്നു പി.സി.ബി ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അസ്ഹറിന്റെ ക്യാപ്റ്റന്‍സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്ന സമയത്താണെന്നതു ശ്രദ്ധേയമാണ്. 2019-20 സീസണിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. അതേസമയം 2020-ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്ന ട്വന്റി20 ലോകകപ്പ് വരെ ബാബര്‍ തുടരും.