Citizenship (Amendment) Bill
പൗരത്വ ബില്‍ അസമിന് വേണ്ടിയല്ല, മുഴുവന്‍ രാജ്യത്തിനും വേണ്ടി; ബില്ലിനെതിരെ ഒരു വിഭാഗം ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 09, 05:21 pm
Monday, 9th December 2019, 10:51 pm

ദിസ്പൂര്‍: ഒരു വിഭാഗം ആളുകള്‍ ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. ദേശീയ പൗരത്വ ഭേദഗതി ബില്‍ ആസാമിന് വേണ്ടി മാത്രമുള്ളതല്ലെന്നും രാജ്യത്തിന് മുഴുവന്‍ വേണ്ടിയുള്ളതാണെന്നും സൊനോവാള്‍ പറഞ്ഞു.

‘പൗരത്വ ഭേദഗതി ബില്‍ ആസാമിന് വേണ്ടി മാത്രമുള്ളതല്ല, അത് രാജ്യത്തിന് മുഴുവനും വേണ്ടിയുള്ളതാണ്. ബില്ലിനെ സംബന്ധിച്ച ചില തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ രാജ്യത്തിന്റെ പ്രതിച്ഛായ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്’- സൊനോവാള്‍ പറഞ്ഞു.

ബില്ലുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനായി പൊതുജനങ്ങളുമായി ചര്‍ച്ചകള്‍ നടത്തണമെന്നും സൊനോവാള്‍ നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് കനത്ത ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുന്ന വേളയിലാണ് സൊനോവാളിന്റെ പ്രതികരണം.

പൗരത്വ ഭേദഗതി ബില്‍ അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിതിന് പിന്നാലെ കടുത്ത പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ബില്ലില്‍ പ്രതിഷേധിച്ച് എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി ബില്‍ കീറിയെറിഞ്ഞിരുന്നു.

നിറത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചിരുന്ന ദക്ഷിണാഫ്രിക്കയിലെ റജിസ്റ്റര്‍ വലിച്ച് കീറിയാണ് മഹാത്മാ ഗാന്ധി മഹാത്മാ എന്ന പദവിയിലേക്കെത്തിയത്. താനും ഇവിടെ ഈ ബില്ല് വലിച്ചു കീറുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉവൈസി ബില്ല് വലിച്ചു കീറിയത്.

ബില്ലിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍, ശശിതരൂര്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചിരുന്നു.

എന്നാല്‍ ബില്‍ നടപ്പാക്കുക വഴി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കുകയല്ല ലക്ഷ്യമെന്നും അനീതിയുണ്ടാവുമെന്ന ഭയം വേണ്ടെന്നും ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. ബില്ലിനെതിരെ രാജ്യത്തിന്റെ പലഭാഗത്തും കനത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്.