രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിയ്ക്ക് എതിര്: സാറാ ജോസഫ്
Sabarimala women entry
രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ലിംഗ നീതിയ്ക്ക് എതിര്: സാറാ ജോസഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 8:03 am

തൃശൂര്‍: മതവികാരം വൃണപ്പെടുത്തിയെന്ന കേസില്‍ രഹ്നഫാത്തിമയെ അറസ്റ്റ് ചെയ്തത് ലിംഗ നീതിയ്ക്ക് എതിരായ നടപടിയാണെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടതെന്ന് സാറാ ജോസഫ് പറഞ്ഞു.

രഹനയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. ശബരിമല വിധി നടപ്പാക്കാന്‍ വന്നത് ധിക്കാരമായി കണ്ടു. രഹന ജയിലില്‍ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹന പ്രവേശിക്കാന്‍ ശ്രമിച്ചത്. ഭരണഘടന വാഗ്ദാനം ചെയ്തിട്ടുള്ള ലിംഗ നീതിയും, ജാതി സമത്വവും ഉറപ്പുവരുത്തുന്നതിന് ഭരണകൂടം പരാജയപ്പെട്ടു”വെന്നും സാറാ ജോസഫ് തൃശൂരില്‍ പറഞ്ഞു.

രഹന ഫാത്തിമയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചിയില്‍ നിന്ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. രഹന ഫാത്തിമ ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. രഹ്നയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

മല കയറുന്നതിന് മുമ്പ് രഹ്നാ ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് കേസിന് കാരണമായിരുന്നത്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രം. കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, നെറ്റിയില്‍ കുറിതൊട്ട്, കയ്യിലും കഴുത്തിലും മാല ചുറ്റിയ ചിത്രമാണ് രഹന പോസ്റ്റ് ചെയ്തിരുന്നത്.

നേരത്തെ ഒക്ടോബര്‍ 19നായിരുന്നു രഹ്നാ ഫാത്തിമ ശബരിമല ദര്‍ശനത്തിനെത്തിയിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതരുടെ മുന്‍കൂര്‍ അനുമതി തേടിയാണ് താന്‍ ശബരിമല സന്ദര്‍ശനം നടത്തിയതെന്ന് അറസ്റ്റിനുമുമ്പ് മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയപ്പോള്‍ രഹ്നാ ഫാത്തിമ പറഞ്ഞിരുന്നു.