എറണാകുളം: കൊച്ചിയിലെ ജൂത പള്ളിക്ക് കനത്ത സുരക്ഷയൊരുക്കി സംസ്ഥാന പൊലീസ്. ഗസയിലെ ഇസ്രഈല്‍ യുദ്ധത്തില്‍ കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
നിലവില്‍ പള്ളിയില്‍ പൊലീസ് സുരക്ഷയും ബോംബ് സ്‌ക്വാഡ് പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലും കൊച്ചി ജൂത പള്ളിക്ക് സുരക്ഷ ഒരുക്കിയിരുന്നു.
ഇപ്പോള്‍ പള്ളിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. കൊച്ചി സിറ്റി പൊലീസാണ് സുരക്ഷാ നടപടികള്‍ കൈകാര്യം ചെയ്യുന്നത്. മഫ്തി പൊലീസ് ഉള്‍പ്പെടെയാണ് സ്ഥലത്ത് പരിശോധനയിലുള്ളത്. യാത്രക്കാര്‍ക്ക് മറ്റ് വിലക്കുകള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇന്ത്യയിലെ പ്രധാനപ്പെട്ട ജൂത പള്ളിയാണ് 457 വര്‍ഷം പഴക്കമുള്ള കൊച്ചി പരദേശി സിനഗോഗ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ഏറ്റവും പഴക്കമുള്ള സിനഗോഗ് കൂടിയാണ് ഇത്.
2023 ഒക്ടോബര്‍ ഏഴ് മുതല്‍ കുറഞ്ഞത് 49,747 ഫലസ്തീനികളെ ഇസ്രഈല്‍ കൊലപ്പെടുത്തിയത്. ഗസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ ലംഘിച്ചതിന് ശേഷമാണ് ഇതില്‍ 634 ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഇസ്രഈലിന്റെ ആക്രമണത്തില്‍
113,213ലധികം പലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് (ഞായര്‍) പുലര്‍ച്ചെ മുതല്‍ ഗസയിലുടനീളം ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 32 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
ഗസയ്ക്ക് പുറമെ ലെബനനുമായുള്ള വെടിനിര്‍ത്തല്‍ കരാറും ഇസ്രഈല്‍ ലംഘിച്ചിട്ടുണ്ട്. ലെബനനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് ഏഴ് പേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച നെതന്യാഹു സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇസ്രഈലികള്‍ ഉള്‍പ്പെടെ പ്രതിഷേധ രംഗത്തുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ശേഷം ഗസക്കെതിരായ ആക്രമണം ഇസ്രഈല്‍ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത്.
മാർച്ച് 18ന് നടന്ന വ്യോമാക്രമണത്തിൽ 400ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങള്‍ അമേരിക്കയുടെ അറിവോടെയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.
Content Highlight: Israel’s war in Gaza; Tight security for Kochi synagogue on central directive