ഐ.പി.എല്‍ 2025ലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഏഴ് വിക്കറ്റിനാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. എതിരാളികളുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് റോയല്‍സ് തങ്ങളുടെ ആദ്യ വിജയം നേടിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റണ്‍സിന്റെ വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കെ ആര്‍.സി.ബി മറികടക്കുകയായിരുന്നു. ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ വിരാട് കോഹ്‌ലിയും ഫില്‍ സാള്‍ട്ടുമാണ്.
സാള്‍ട്ട് 31 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് നേടിയത്. വിരാട് 36 പന്തില്‍ പുറത്താകാതെ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സാണ് നേടിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ രജത് പാടിദാര്‍ 34 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു.
എന്നിരുന്നാലും രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ പിഴവുകള്‍ വന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര. റാസിഖ് ദാറിനെയും ക്രുനാല്‍ പാണ്ഡ്യയെയും പന്തെറിയാനുള്ള പട്ടീദാറിന്റെ തീരുമാനത്തെ ആകാശ് ചോപ്ര ചോദ്യം ചെയ്തു. തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം.
‘ആര്‍.സി.ബി ശക്തമായി തുടങ്ങി. പക്ഷേ പെട്ടെന്നാണ് ഒരു മാറ്റമുണ്ടായത്, എതിര്‍ ടീമിനായി റണ്‍സ് ഒഴുകിക്കൊണ്ടിരുന്നു. രജത് പടിദാറിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഞങ്ങള്‍ രാവിലെ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. മൂന്ന് മികച്ച ഓവറുകള്‍ക്ക് ശേഷം, നാലാമത്തെ ഓവറിനായി അദ്ദേഹം റാസിഖ് സലാമിനെ കൊണ്ടുവന്നു, അത് ഒരു വിചിത്രമായ തീരുമാനമായി തോന്നി.
യാഷ് ദയാലിന് മറ്റൊരു ഓവര്‍ നല്‍കാമായിരുന്നു. പകരം, അഞ്ചാം ഓവറില്‍ അദ്ദേഹം ക്രുണാല്‍ പാണ്ഡ്യയെ തെരഞ്ഞെടുത്തു, അത് എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, ‘എന്റെ സുഹൃത്തേ, നീ എന്താണ് ചെയ്യുന്നത്?’ അജിന്‍ക്യ രഹാനെ അവസരം മുതലെടുത്ത് ബാറ്റിങ് തുടര്‍ന്നു.
പത്ത് ഓവറുകള്‍ക്ക് ശേഷം 100 റണ്‍സ് ബോര്‍ഡിലുണ്ടായിരുന്നു, 200 റണ്‍സ് പ്രതീക്ഷിച്ചതുപോലെ തോന്നി. രഹാനെയുടെ പ്രകടനം അസാധാരണമായിരുന്നു, സ്ഥിരതയാര്‍ന്ന സ്‌കോറിങ് ബഹുമാനം നേടിത്തരുന്നതിനാല്‍,’ ചോപ്ര പറഞ്ഞു.
Content Highlight: Akash Chopra Talking About Rajat Patidar