അങ്കാറ: ഇസ്താംബുള്‍ മേയര്‍ എക്രെം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയില്‍ വന്‍ പ്രതിഷേധം. സമരം സംഘര്‍ഷമായതോടെ 343 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേയറുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇമാമോഗ്ലുവ് അനുകൂലികള്‍ തെരുവിലിറങ്ങിയത്.
ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയും റബ്ബര്‍ ബുള്ളറ്റിന്‍ പ്രയോഗിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് നേരെ തുര്‍ക്കി ഭരണകൂടം ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് എക്രെം ഇമാമോഗ്ലുവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വസതിയില്‍ നിന്നാണ് മേയറെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ അറസ്റ്റിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നാല് ദിവസം തുര്‍ക്കി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു.
എക്സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി നിരീക്ഷിക്കുന്ന അഭിഭാഷക ഗ്രൂപ്പായ നെറ്റ്ബ്ലോക്ക്സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2028ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഇമാമോഗ്ലുവിനെതിരെ നടപടിയെടുത്തത്. കസ്റ്റഡിയിലെടുത്തിന് പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരെ ചുമത്തിയിരുന്നു.
തുടര്‍ന്ന് ഭീകരവാദം സംബന്ധിച്ച ആരോപണങ്ങളില്‍ ശനിയാഴ്ച അഞ്ച് മണിക്കൂറും അഴിമതി ആരോപണങ്ങളില്‍ നാല് മണിക്കൂറും ഇമാമോഗ്ലുവിനെ തുര്‍ക്കി സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ മുഴുവന്‍ ആരോപണങ്ങളും ഇമാമോഗ്ലുവ് നിഷേധിക്കുകയാണ് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ കോടതിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ എക്രെം ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിന് മുന്നോടിയായി കൊള്ളയടിക്കാരായ ഒരു ക്രിമിനല്‍ ശൃംഖലയ്ക്ക് ഇമാമോഗ്ലുവ് നേതൃത്വം നല്‍കിയതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇമാമോഗ്ലുവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇമാമോഗ്ലുവിന്റെ യൂണിവേഴ്സിറ്റി ഡിപ്ലോമ നിയമവിരുദ്ധമായി റദ്ദാക്കപ്പെപ്പെടുകയും ചെയ്തിരുന്നു.
തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ കടുത്ത എതിരാളിയായാണ് ഇമാമോഗ്ലുവിനെ വിലയിരുത്തുന്നത്. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയാണ് ഇമാമോഗ്ലുവ്.
51.14% വോട്ട് നേടിയാണ് ഇമാമോഗ്ലുവ് ഇസ്താംബുള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് ഇമാമോഗ്ലുവിനെ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. ഈ കേസിലെ വിധിക്കായി കാത്തിരിക്കവേയാണ് ഇമാമോഗ്ലുവിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നത്.
നിലവില്‍ ഇമാമോഗ്ലുവുമായി ബന്ധമുള്ള നൂറിലധികം പേര്‍ അറസ്റ്റ് നേരിടുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ രാഷ്ട്രീയ നേതാക്കള്‍, ജില്ലാ മേയര്‍മാര്‍, വിമത പത്രപ്രവര്‍ത്തകനായ ഇസ്മായില്‍ സയ്മാസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
Content Highlight: Istanbul mayor’s arrest; Turkey sees widespread protests against Erdogan