Entertainment
മരക്കാറിനെക്കാള്‍ മോശമായ ആ മോഹന്‍ലാല്‍ ചിത്രത്തെപ്പറ്റി ആരും കുറ്റം പറയുന്നില്ല: സന്തോഷ് ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 27, 04:05 am
Thursday, 27th February 2025, 9:35 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങിയ മരക്കാര്‍ റിലീസിന് മുമ്പ് വമ്പന്‍ ഹൈപ്പാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി ആദ്യ ഷോ അവസാനിച്ചപ്പോഴേക്ക് ചിത്രത്തിന് മോശം പ്രതികരണമായിരുന്നു ലഭിച്ചത്.

റിലീസ് ചെയ്ത് നാല് വര്‍ഷമായിട്ടും ചിത്രത്തെപ്പറ്റിയുള്ള ട്രോളുകള്‍ക്ക് അന്ത്യമായിട്ടില്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാക്കളിലൊരാളായ സന്തോഷ് ടി. കുരുവിള. മരക്കാര്‍ വലിയ ബജറ്റിലും ഹൈപ്പിലും പുറത്തിറങ്ങിയ ചിത്രമായതുകൊണ്ടാണ് ഇന്നും ആളുകള്‍ ആ സിനിമയെ ട്രോളുന്നതെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു.

മാങ്ങയുള്ള മാവിലേ എല്ലാവരും കല്ലെറിയുള്ളൂ എന്ന പഴഞ്ചൊല്ല് പോലെയാണ് മരക്കാറിന് നേരെ വരുന്ന ട്രോളുകളെ താന്‍ കാണുന്നതെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. മരക്കാറിനെക്കാള്‍ മോശം അഭിനയം മോഹന്‍ലാല്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും അതിനെയൊന്നും ആരും ട്രോളുന്നില്ലെന്നും സന്തോഷ് ടി. കുരുവിള പറയുന്നു.

മരക്കാറിനെക്കാള്‍ മോശം അഭിപ്രായം ലഭിച്ച സിനിമയായിരുന്നു നീരാളിയെന്നും ആ സിനിമയെ ആരും ട്രോളാത്തത് അത് ചെറിയൊരു സിനിമയായതുകൊണ്ടാണെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. മരക്കാറിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായി തനിക്ക് തോന്നിയത് അതിന്റെ എഡിറ്റിങ്ങാണെന്നും പണിയറിയാവുന്ന എഡിറ്റര്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമയുടെ റിസള്‍ട്ട് മറ്റൊന്നായേനെയെന്നും സന്തോഷ് ടി. കുരുവിള പറയുന്നു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു സന്തോഷ് ടി. കുരുവിള.

‘മരക്കാറിനെ ഇപ്പോഴും ആളുകള്‍ ട്രോളുന്നുണ്ട്. പക്ഷേ, അതിനെക്കാള്‍ മോശം സിനിമകളെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. അതിന്റെ പ്രധാനകാരണം ആ സിനിമക്ക് കിട്ടിയ ഹൈപ്പാണ്. പണ്ടുള്ളവര്‍ പറയുമല്ലോ, മാങ്ങയുള്ള മാവിലേ എല്ലാവരും കല്ലെറിയൂ എന്ന്. അതേ അവസ്ഥ തന്നെയാണ് മരക്കാറിനും. അതിനെക്കാള്‍ മോശം സിനിമയാണല്ലോ നീരാളി. ആ പടത്തിനെയൊന്നും ആരും ട്രോളുന്നില്ല.

കാരണം, നീരാളി ചെറിയൊരു പടമായിരുന്നു. മാത്രമല്ല, മോഹന്‍ലാല്‍ മോശം അഭിനയം കാഴ്ചവെച്ച വേറെ എത്രയോ സിനിമകളുണ്ട്. അതിനെയെല്ലാം വിട്ടിട്ട് എല്ലാവരും ഇപ്പോഴും മരക്കാറിന്റെ പിന്നാലെയാണ്. ആ പടത്തിന്റെ പ്രധാന പ്രശ്‌നമായി എനിക്ക് തോന്നിയത് അതിന്റെ എഡിറ്റിങ്ങാണ്. പണിയറിയാവുന്ന ഏതെങ്കിലും എഡിറ്റര്‍ വന്നിരുന്നെങ്കില്‍ സിനിമയുടെ റിസള്‍ട്ട് മറ്റൊന്നായേനെ,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight: Santhosh T Kuruvila about the trolls getting for Marakkar movie