ആര്‍ക്കറിയാം സിനിമയില്‍ 'ഡബിള്‍ റോള്‍' തരികയാണെങ്കില്‍ ചെയ്യാമെന്ന് മലയാളത്തിലെ ആ വലിയ നടന്‍; റിസ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് സാനു പറഞ്ഞു: സന്തോഷ് ടി.കുരുവിള
Movie Day
ആര്‍ക്കറിയാം സിനിമയില്‍ 'ഡബിള്‍ റോള്‍' തരികയാണെങ്കില്‍ ചെയ്യാമെന്ന് മലയാളത്തിലെ ആ വലിയ നടന്‍; റിസ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് സാനു പറഞ്ഞു: സന്തോഷ് ടി.കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th December 2023, 5:08 pm

കഥയുടെ തീവ്രത കൊണ്ടും വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ചിത്രമായിരുന്നു നവാഗതനായ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത ആര്‍ക്കറിയാം. ബിജു മേനോന്‍, ഷറഫുദ്ദീന്‍, പാര്‍വതി തിരുവോത്ത് എന്നിവരുടെ പ്രകടനം സിനിമയെ മറ്റൊരു തലത്തില്‍ എത്തിച്ചു.

കൊവിഡ് ലോക്ക് ഡൗണിനു ശേഷം തിയേറ്ററുകള്‍ തുറന്ന ഉടനെ ആദ്യം എത്തിയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ആര്‍ക്കറിയാം. അക്കാരണത്താല്‍ തന്നെ അധികം പ്രേക്ഷകരെ നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ഒ.ടി.ടിയിലാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആര്‍ക്കറിയാം സിനിമയുടെ കഥ കേട്ട് അത് തനിക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് മലയാളത്തിലെ ഒരു വലിയ നടന്‍ പറഞ്ഞെന്നും ചിത്രത്തില്‍ അച്ഛന്റേയും മരുമകന്റേയും കഥാപാത്രം അദ്ദേഹത്തിന് ചെയ്യണമെന്നായിരുന്നു പറഞ്ഞതെന്നും എന്നാല്‍ അത്തരമൊരു റിസ്‌കെടുക്കാന്‍ സംവിധായകന് കഴിയില്ലായിരുന്നെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ സന്തോഷ് ടി. കുരുവിള. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആര്‍ക്കറിയാം സിനിമ എന്റെ സിനിമാ ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ്. സാനുവുമായിട്ടുള്ള ബന്ധമായിരിക്കാം ചിലപ്പോള്‍ അതിന് ഒരു കാരണം. ഞാനും സാനുവും തമ്മില്‍ സ്‌കൂള്‍ കാലഘട്ടം മുതലുള്ള ബന്ധമാണ്. അവന്‍ കെ.എസ്.യുവും ഞാന്‍ എസ്.എഫ്.ഐയും ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഇലക്ഷന് മത്സരിച്ചിട്ടുണ്ട്.

ആര്‍ക്കറിയാം ചെയ്ത ശേഷവും ഞാന്‍ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്, എനിക്ക് വേണ്ടി ഒരു പടം ചെയ്യണമെന്ന്. എന്ത് ശമ്പളം വേണമെന്ന് നീ പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. ഈ സിനിമയില്‍ തന്നെ അവന്‍ എന്നോട് ശമ്പളം പറഞ്ഞിട്ടില്ല. ഞാന്‍ കൊടുത്ത പൈസ അവന്‍ മേടിച്ചിട്ടേയുള്ളൂ. സാമ്പത്തികത്തെ കുറിച്ച് മാത്രമല്ല ഞാന്‍ പറയുന്നത്.

ആ സിനിമയക്ക് വേണ്ടിയുള്ള സാനുവിന്റെ അര്‍പ്പണ മനോഭാവമുണ്ട്. ഈ സിനിമയുടെ കഥ പറയാന്‍ അദ്ദേഹം മലയാളത്തിലെ വലിയൊരു സിനിമാ നടന്റെ അടുത്ത് പോയിരുന്നു. അദ്ദേഹം ഇങ്ങോട്ട് വിളിച്ചത് പ്രകാരം കഥ പറയാന്‍ പോയതാണ്. ഞാന്‍ പോയിരുന്നില്ല.

അദ്ദേഹം സാനുവിനോട് പറഞ്ഞത് അദ്ദേഹത്തിന് ഈ സിനിമയില്‍ അച്ഛന്റേയും മകന്റേയും (ഷറഫുദ്ദീന്റെ കഥാപാത്രം) വേഷം ചെയ്താല്‍ കൊള്ളാമെന്നുണ്ട് എന്നായിരുന്നു. അതായത് ഡബിള്‍ റോള്‍.

സാനു അദ്ദേഹത്തിന് നല്‍കിയ മറുപടി, ‘എനിക്ക് 50 വയസായി. ഒരുപക്ഷേ ഞാന്‍ 25ാമത്തെ വയസിലായിരുന്നു ഈ കഥ പറയാനായി വന്നതെങ്കില്‍ ഒന്ന് ചിന്തിച്ചേനെ. ഇപ്പോള്‍ എന്നെക്കൊണ്ട് അത്തരമൊരു റിസ്‌ക് എടുക്കാന്‍ പറ്റില്ല’ എന്നായിരുന്നു.

ഞാനും സാനുവും ഒത്തിരി ചര്‍ച്ച ചെയ്ത സിനിമായാണ് ആര്‍ക്കറിയാം. എനിക്ക് വളരെ പ്രതീക്ഷ ഉണ്ടായിരുന്ന സിനിമയാണ്. കൊവിഡിന്റെ രണ്ടാം തരംഗമായതുകൊണ്ട് മാത്രമാണ് ആ സിനിമ തിയേറ്ററില്‍ ഓടാഞ്ഞത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

പിന്നെ ഞങ്ങള്‍ ഒ.ടി.ടിയ്ക്ക് വേണ്ടി നന്നായി പ്രൊമോട്ട് ചെയ്തിരുന്നു. ഒരു തരത്തില്‍ ആ സിനിമ എനിക്ക് ലോസല്ല. സാമ്പത്തികമായി നഷ്ടമായിരുന്നു. തിയേറ്ററില്‍ നിന്ന് 5 ലക്ഷം രൂപമാത്രമാണ് കിട്ടിയത്. മറിച്ച് ചിന്തിച്ചാല്‍ ബിജു മേനോന്‍ എന്ന വലിയ നടന് ആദ്യമായി സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയ ചിത്രമായി ഇത് മാറി. ഇനി നാഷണല്‍ അവാര്‍ഡ് കിട്ടണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ആ സിനിമ എല്ലാ രീതിയിലും എനിക്ക് വളരെ സന്തോഷം തന്ന സിനിമയാണ്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight: Santhosh Kuruvila Reveal a back story about Aarkkariyam Movie