ഒരു യഥാർത്ഥ ക്യാപ്റ്റൻ ആകാൻ ജനിച്ചവനാണ് സഞ്ജു; വെളിപ്പെടുത്തി കോച്ച്
Cricket
ഒരു യഥാർത്ഥ ക്യാപ്റ്റൻ ആകാൻ ജനിച്ചവനാണ് സഞ്ജു; വെളിപ്പെടുത്തി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th January 2023, 12:54 pm

കേരളത്തിന്റെയും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെയും അഭിമാന താരമാണ് സഞ്ജു സാംസൺ. പ്രതിഭയുടെ ധാരാളിത്തമുണ്ടെങ്കിലും താരത്തിന് ഇന്ത്യൻ ടീമിൽ സ്ഥിരമായി ഒരു ഇടം ലഭിക്കുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ക്രിക്കറ്റ്‌ ആരാധകർ ഉയർത്തുന്നത്.

എന്നാല്‍ സഞ്ജുവിനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ചുമതലപ്പെടുത്താമെന്നും അതിന് കാരണമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. തന്റെ ‘കോച്ചിങ് ബിയോണ്ട് ‘എന്ന പുസ്തകത്തിലാണ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവിനെ കുറിച്ച് ശ്രീധര്‍ പരാമർശിക്കുന്നത്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 2020ൽ നടന്ന ഒരു ടി-20 മത്സരത്തിൽ നടന്ന സംഭവവമാണ് സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവിന് ഉദാഹരണമായി ശ്രീധർ ചൂണ്ടിക്കാണിക്കുന്നത്. സഞ്ജുവിന്റെ ഒരു അഭിപ്രായം കളിയെ മാറ്റിമറിച്ചെന്നും കോച്ചിനും ക്യാപ്റ്റൻ കോഹ് ലിക്കും തോന്നാത്ത ഐഡിയയാണ് സഞ്ജു പറഞ്ഞതെന്നുമാണ് ശ്രീധർ തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം വിജയലക്ഷ്യമായി മുന്നോട്ട് വെച്ച 162 റണ്‍സ് എന്ന സ്കോർ പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് ആ മത്സരത്തിൽ നിശ്ചിത ഓവറില്‍ 150 റണ്‍സില്‍ മാത്രമാണ് എത്താൻ സാധിച്ചതെന്നും അതിന് പിന്നിൽ സഞ്ജുവിന്റ ആശയമായിരുന്നു എന്നുമാണ് ശ്രീധർ പറയുന്നത്.

അന്നത്തെ മത്സരത്തിൽ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ചഹലിന്റെ പ്രകടനം മത്സരം ഇന്ത്യക്ക് അനുകൂലമാക്കി മാറ്റിയിരുന്നു. എന്നാലിപ്പോൾ ജഡേജക്ക് പകരം ചഹലിനെ സബ്ബായി ഇറക്കാം എന്ന തന്ത്രം മുന്നോട്ട് വെച്ചത് സഞ്ജു സാംസണാണ് എന്നാണ് ഫീല്‍ഡിങ്ങ് കോച്ച് ശ്രീധര്‍ വെളിപ്പെടുത്തുന്നത്.

‘സര്‍, ജഡ്ഡുവിന്റെ (രവീന്ദ്ര ജഡേജ) ഹെല്‍മറ്റില്‍ ബോൾ കൊണ്ടിരിക്കുകയല്ലേ? നമുക്ക് കണ്‍കഷന്‍ സബ്ബായി പകരം ഇറക്കാമല്ലോ,’ സഞ്ജു തന്നോട് ചോദിച്ചെന്ന് ആര്‍.ശ്രീധര്‍ പുസ്‌കത്തില്‍ കുറിച്ചു.

ആ സംഭവമാണ് സഞ്ജുവിൽ ഒരു ക്യാപ്റ്റൻ ഉണ്ടെന്ന് തന്നെ ബോധ്യപ്പെടുത്തിയതെന്നും സഞ്ജുവിനോട് അവന്റെ അഭിപ്രായം കോച്ച് രവി ശാസ്ത്രിയുമായി പങ്കുവെക്കാൻ താൻ പറഞ്ഞെന്നും, അങ്ങനെ സഞ്ജുവിന്റെ ആശയം ഇഷ്ടപ്പെട്ട കോച്ച് ചഹലിനെ മത്സരത്തിനിറക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയെന്നും അത് ഇന്ത്യൻ വിജയത്തെ സ്വാധീനിച്ചെന്നുമാണ് ശ്രീധർ തന്റെ പുസ്തകത്തിൽപരാമർശിച്ചിരിക്കുന്നത്.

കൂടാതെ തനിക്ക് എങ്ങനെ ഗ്രൗണ്ടില്‍ ഇറങ്ങി മികവ് തെളിയിക്കാമെന്നതിനെക്കാൾ സഞ്ജു സ്വന്തം ടീമിന്റെ വിജയത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയിരുന്ന സഞ്ജു ടീമിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. അതോടെ സഞ്ജുവിന്റെ കാപ്റ്റൻസി മികവ് വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

 

Content Highlights:Sanju was born to be a true captain; Revealed coach