ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 20 ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍മാര്‍ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാ കടുവകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സിന് തകരുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര തൂത്തുവാരാനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മലയാളി താരം സഞ്ജു സാംസണായിരുന്നു. താരത്തിന്റെ ഐതിഹാസികമായ സെഞ്ച്വറി നേട്ടമാണ് ഇന്ത്യയെ ഭീമന്‍ സ്‌കോറില്‍ എത്തിച്ചത്. ഇതോടെ മത്സരത്തില്‍ പ്ലയര്‍ ഓഫ് ദിമാച്ച് പുരസ്‌കാരവും സഞ്ജുവിന് നേടാന്‍ സാധിച്ചിരുന്നു. ശേഷം സഞ്ജു ആക്രമണ രീതിയിലുള്ള ബാറ്റിങ്ങിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
‘കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ തുടര്‍ച്ചയായി അഞ്ച് സിക്സറുകള്‍ അടിക്കാന്‍ ശ്രമിക്കുകയാണ്. അഞ്ച് സിക്സറുകള്‍ വൈകാതെ അടിക്കാന്‍ സാധിക്കുമെന്നും ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിക്കുമെന്നും എന്റെ മെന്റര്‍ ഗോമസ് പറഞ്ഞിരുന്നു. തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ സ്‌കോര്‍ ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഉറപ്പില്ലായിരുന്നു. ഭാഗ്യവശാല്‍, എനിക്ക് ഒരു അവസരം ലഭിച്ചു, അഞ്ച് സിക്സറുകള്‍ പറത്താന്‍ എനിക്ക് കഴിഞ്ഞു. മസില്‍ സെലിബ്രേഷന്‍ എന്റെ സന്തോഷം പ്രകടിപ്പിക്കാനുള്ള ഒരു വഴിയായിരുന്നു,’ സഞ്ജു ജിയോ സിനിമയില്‍ പറഞ്ഞു.
For his fantastic Maiden T20I Ton, Sanju Samson becomes the Player of the Match 👏👏
Scorecard – https://t.co/ldfcwtHGSC#TeamIndia | #INDvBAN | @IamSanjuSamson | @IDFCFIRSTBank pic.twitter.com/wTqU5elLDv
— BCCI (@BCCI) October 12, 2024
ഇന്ത്യയുടെ ബാറ്റിങ്ങില്‍ രണ്ടാം ഓവറിനായി എത്തിയ ബംഗ്ലാദേശ് ബൗളര്‍ തസ്‌കിന്‍ അഹമ്മദിന്റെ അവസാന നാല് പന്തില്‍ തലങ്ങും വിലങ്ങും തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു. 47 പന്തില്‍ നിന്ന് 11 ഫോറും 8 സിക്സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. ശേഷം മുഫ്തഫിസൂറിന്റെ പന്തില്‍ പുറത്താകുകയായിരുന്നു താരം.
മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ റെക്കോഡ് വാരിക്കൂട്ടാനും സഞ്ജുവിന് സാധിച്ചു.
Content Highlight: Sanju Samson Talking About His Aggressive Bating