Sports News
സഞ്ജുവിന് വമ്പന്‍ തിരിച്ചടി; ഓപ്പണിങ്ങില്‍ പണി പാളി!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 01, 03:12 pm
Saturday, 1st June 2024, 8:42 pm

2024 ടി-20 ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. നാസു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ലൈന്‍ അപ്പില്‍ വലിയ മാറ്റം വരുത്തിയായിരുന്നു ഇന്ത്യ കളത്തില്‍ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മലയാളികളുടെ സ്വന്തം സഞ്ജു സാംസണും ആയിരുന്നു ഓപ്പണിങ് ഇറങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം നേടി ഒരു എല്‍.ബി.ഡബ്ലിയുവിലൂടെ പുറത്താവുകയായിരുന്നു സഞ്ജു. രണ്ടാം ഓവറിന്റെ അവസാന പന്തില്‍ ശരീഫുള്‍ ഇസ്‌ലാം സഞ്ജുവിന് നേരെ എറിഞ്ഞ പന്ത് വിക്കറ്റ് ലൈനില്‍ പാടിന് തട്ടുകയായിരുന്നു.

സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണര്‍ ആയി പരീക്ഷിച്ചത് ടീമിന് ഒരു തിരിച്ചടിയായിരിക്കുകയാണ്. നിലവില്‍ 5 ഓവര്‍ പിന്നിടുമ്പോള്‍ 15 പന്തില്‍ നിന്ന് 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 11 പന്തില്‍ നിന്ന് 18 റണ്‍സ് നേടിയ റിഷബ് പന്തുമാണ് ക്രീസില്‍. മത്സരത്തില്‍ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ തന്നെയാണ് ടീം തെരഞ്ഞെടുത്തത്.

എന്നിരുന്നാലും സഞ്ജു ഒരു റണ്‍സിന് പുറത്തായത് ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പില്‍ ഇടം നേടിയതോടെ സഞ്ജുവിന് മികച്ച തുടക്കം ലഭിക്കുമെന്നായിരുന്നു ഏവരും വിശ്വസിച്ചിരുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജെയ്‌സ്വാള്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹര്‍ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍, വിരാട് കോഹ്‌ലി

 

Content Highlight: Sanju Samson In Big Setback