ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്നുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയുമായി ആറ് പോയിന്റാണ് രാജസ്ഥാന്റെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗവിനും ആറ് പോയിന്റ് തന്നെയാണ് ഉള്ളതെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ മുമ്പിലെത്തുകയായിരുന്നു.
ചെപ്പോക് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. അവസാന പന്തില്‍ ചെന്നൈക്ക് വിജയിക്കാന്‍ അഞ്ച് റണ്‍സ് വേണെമെന്നിരിക്കെ വെറും ഒറ്റ റണ്‍സ് മാത്രമാണ് സന്ദീപ് ശര്‍മ വഴങ്ങിയത്.
He did it. We did it. 🔥💗 pic.twitter.com/VC3MP21EAp
— Rajasthan Royals (@rajasthanroyals) April 12, 2023
ചെന്നൈയെ അവരുടെ തട്ടകത്തിലെത്തി തോല്‍പിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ തേടി ഒരു ശിക്ഷയുമെത്തിയിരുന്നു.
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് രാജസ്ഥാന് പിഴ ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ രാജസ്ഥാന് തങ്ങളുടെ 20 ഓവറും എറിഞ്ഞ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ 12 ലക്ഷം രൂപയാണ് ബി.സി.സി.ഐ സഞ്ജു സാംസണ് പിഴയായി വിധിച്ചത്.
‘ബുധനാഴ്ച, ചെന്നൈ, ചെപ്പോക്കിലെ എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഐ.പി.എല്ലിന്റെ 17ാം മത്സരത്തില്‍ കുറഞ്ഞ റണ്‍നിരക്കിന്റെ പേരില്‍ രാജസ്ഥാന്‍ റോയല്‍സിന് പിഴ വിധിച്ചിരിക്കുകയാണ്.
ഈ സീസണില്‍ ഇതാദ്യമായാണ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയതെന്നതിനാല്‍ കുറഞ്ഞ റണ്‍ നിരക്കുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണ് 12 ലക്ഷം രൂപ പിഴ ചുമത്തി,’ ബി.സി.സി.ഐ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയും ആര്‍. അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ഇന്നിങ്‌സുമാണ് രാജസ്ഥാന്‍ റോയല്‍സിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുവേള വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അതിന് തടയിടുകയായിരുന്നു.
Dhoni bhai, thodi der ke liye waha… pic.twitter.com/2pWwpXtF5j
— Rajasthan Royals (@rajasthanroyals) April 12, 2023
ഏപ്രില്‍ 16നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.
Content Highlight: Sanju Samson fined Rs 12 lakh by BCCI for slow over rate