കേരള ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ; ഒന്നാമതെത്താൻ ഇനിയും മുന്നേറണം
Cricket
കേരള ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ; ഒന്നാമതെത്താൻ ഇനിയും മുന്നേറണം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd September 2024, 2:43 pm

ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മിന്നും പ്രകടനമാണ് മലയാളി സൂപ്പര്‍താരം സഞ്ജു സാംസണ്‍ നടത്തുന്നത്. ഇന്ത്യ ബിക്കെതിരെ സെഞ്ച്വറി നേടികൊണ്ടാണ് സഞ്ജു തിളങ്ങിയത്. 101 പന്തില്‍ 106 റണ്‍സാണ് സഞ്ജു നേടിയത്. 12 ഫോറുകളും മൂന്ന് സിക്‌സുകളുമാണ് മലയാളി സൂപ്പര്‍ താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. രണ്ടാം ഇന്നിങ്സില്‍ 53 പന്തില്‍ 45 റണ്‍സ് നേടിയും സഞ്ജു മികച്ച പ്രകടനം നടത്തി.

ഈ സെഞ്ച്വറി നേടിയതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രാജസ്ഥാന്‍ റോയല്‍സ് നായകനെ തേടിയെത്തി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മലയാളി താരമെന്ന നേട്ടത്തിലേക്കാണ് സഞ്ജു നടന്നുകയറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ സഞ്ജുവിന്റെ 11 സെഞ്ച്വറിയായിരുന്നു ഇത്. 18 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ബേബിയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്. 13 സെഞ്ച്വറികള്‍ നേടിയ രോഹന്‍ പ്രേമാണ് രണ്ടാം സ്ഥാനത്തുള്ളത്.

നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഞ്ജു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്നത്. 2019ല്‍ ബംഗാളിനെതിരെയായിരുന്നു സഞ്ജു ഇതിനു മുമ്പ് സെഞ്ച്വറി നേടിയത്. തുമ്പയില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി 116 റണ്‍സ് നേടിയാണ് സഞ്ജു തിളങ്ങിയിരുന്നത്.

അതേസമയം കഴിഞ്ഞ ശ്രീലങ്കക്കെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടു മത്സരത്തില്‍ സഞ്ജു ഇറങ്ങിയിരുന്നു. എന്നാല്‍ ഈ രണ്ടു മത്സരങ്ങളിലും നിരാശാജനകമായ പ്രകടനമായിരുന്നു മലയാളി താരത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീലങ്കക്കെതിരെ രണ്ട് മത്സരങ്ങളിലും പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

ഇതിനുശേഷം നടന്ന ശ്രീലങ്കക്കെതിരെയുള്ള ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇടം നേടാനും സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് തിരിച്ചുവരാനായിരിക്കും മലയാളി സൂപ്പര്‍താരം ലക്ഷ്യം വെക്കുക.

ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടം നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അവസാനിച്ചാല്‍ ഒക്ടോബര്‍ ആറ് മുതല്‍ ഒക്ടോബര്‍ 12 വരെയാണ് ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരകള്‍ നടക്കുന്നത്.

 

Content Highlight: Sanju Samson Create a New Record in First Class Cricket