ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ തട്ടകമായ മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സഞ്ജുവും കൂട്ടരും 18.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
THIS ONE’S FOR YOU, RAJASTHAN! 💯💗 pic.twitter.com/KMlbI2OULp
— Rajasthan Royals (@rajasthanroyals) April 22, 2024
യശസ്വി ജെയ്സ്വാളിന്റെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ ജയിച്ചു കയറിയത്. 60 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി കൊണ്ടായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളും ഏഴ് സിക്സുകളുമാണ് താരം നേടിയത്.
ജെയ്സ്വാളിനൊപ്പം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മികച്ച പിന്തുണയാണ് മത്സരത്തില്‍ നല്‍കിയത്. 28 പന്തില്‍ പുറത്താവാതെ 38 റണ്‍സ് നേടിക്കൊണ്ടായിരുന്നു മലയാളി താരം നിര്‍ണായകമായത്. 135.71 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ സഞ്ജു രണ്ടു വീതം ഫോറുകളും സിക്‌സുകളും ആണ് നേടിയത്. ഇതിന് പിന്നാലെ പുതിയൊരു നാഴികകല്ല് പിന്നിടാനും സഞ്ജുവിന് സാധിച്ചു.
Chasing this home for you, Rajasthan 💪💗
— Rajasthan Royals (@rajasthanroyals) April 22, 2024
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 3500 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. 128 ഇന്നിങ്‌സില്‍ നിന്നുമാണ് സഞ്ജു 3500 എന്ന പുതിയ മൈല്‍സ്റ്റോണിലേക്ക് കാലെടുത്തുവെച്ചത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഇന്നിങ്‌സ്, റണ്‍സ് എന്നീ ക്രമത്തില്‍
സഞ്ജു സാംസണ്‍-128- 3500
ജോസ് ബട്‌ലര്‍-79-2981
അജിങ്ക്യ രഹാനെ-100-2810
ഷെയ്ന്‍ വാട്‌സണ്‍-78-2371
യശ്വസി ജെയ്സ്വാള്‍-45-1367
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു തോല്‍വിയുമായി 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 27ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയമാണ് വേദി.
Content Highlight: Sanju Samson Compleated 3500 runs for Rajasthan Royals