സെഞ്ച്വറിയുമായി സഞ്ജു; സൗരാഷ്ട്രക്കെതിരെ കേരളം മികച്ച നിലയില്‍
Daily News
സെഞ്ച്വറിയുമായി സഞ്ജു; സൗരാഷ്ട്രക്കെതിരെ കേരളം മികച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th November 2017, 3:34 pm

തിരുവനന്തപുരം: സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം ശക്തമായ നിലയില്‍. മൂന്നാം ദിനത്തെ കളി പുരോഗമിക്കുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റിന് 304 റണ്‍സ് എന്ന നിലയിലാണ്.

136 റണ്‍സോടെ സഞ്ജുവും 64 റണ്‍സോടെ അരുണ്‍ കാര്‍ത്തികുമാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് 297 റണ്‍സിന്റെ ലീഡുണ്ട്. ഒരു ദിനം ശേഷിക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്.


Also Read: ലോകസുന്ദരി മത്സരത്തില്‍ കുമ്മനടിച്ച് മോദി; വിജയിയെ പ്രഖ്യാപിക്കുമ്പോള്‍ വേദിയില്‍ നിന്ന് മോദിയ്ക്ക് ജയ് വിളിക്കുന്ന വീഡിയോയുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


ശ്രീലങ്കക്കെതിരെ നേടിയ സെഞ്ച്വറിയുടെ തുടര്‍ച്ചയെന്നോണമായിരുന്നു രഞ്ജിയിലെയും താരത്തിന്റെ പ്രകടനം. ലങ്കക്കെതിരായ മത്സരത്തില്‍ പ്രസിഡന്റ്‌സ് ഇലവനെ സഞ്ജുവായിരുന്നു നയിച്ചത്.

153 പന്തില്‍ 12 ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പെടെയാണ് സഞ്ജു സെഞ്ച്വറി നേടിയത്. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ 68 റണ്‍സെടുത്ത സഞ്ജു ആയിരുന്നു കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. സഞ്ജുവിനു മികച്ച പിന്തുണനല്‍കിയ അരുണ്‍ കാര്‍ത്തിക് 97 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സറും സഹിതമാണ് 64 റണ്‍സെടുത്ത് നില്‍ക്കുന്നത്.

ജലജ് സക്സേന (44), രോഹന്‍ പ്രേം (44) എന്നിവരും കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഒന്നാം ഇന്നിംഗ്സില്‍ 225 റണ്‍സിന് പുറത്തായ കേരളം സൗരാഷ്ട്രയെ 232 റണ്‍സിനാണ് എറിഞ്ഞിട്ടത്. ശക്തമായ നിലയിലേക്ക് നീങ്ങുകയായിരുന്ന സൗരാഷ്ട്രയെ നാലുവിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പി എന്നിവരാണ് തകര്‍ത്തത്.


Dont Miss: ‘അസത്യത്തിന്റെ പക്ഷം അഥവാ ആര്‍.എസ്.എസ് ‘ഭൂമി”; മേയറെ അക്രമിച്ച വാര്‍ത്ത മാതൃഭൂമി വളച്ചൊടിച്ചെന്ന് എം.വി ജയരാജന്‍


86 റണ്‍സുമായി ചെറുത്ത് നിന്ന റോബിന്‍ ഉത്തപ്പയാണ് സൗരാഷ്ട്രയെ നിര്‍ണായകമായ ഏഴ് റണ്‍സ് ലീഡ് നേടാന്‍ സഹായിച്ചത്. നോക്കൗട്ട് പ്രവേശനം ലക്ഷ്യമിടുന്ന ഇരുടീമുകള്‍ക്കും മത്സരം നിര്‍ണായകമാണ്. മത്സരം സമനിലയായാല്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തില്‍ സൗരാഷ്ട്രയ്ക്ക് പോയിന്റ് ലഭിക്കും.