മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം തകര്‍ത്തതിന് പിന്നില്‍ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് റാലിക്കിടെ ഉദ്ധവ് താക്കറെ പ്രചാരണം നടത്തിയതിനോടുപോലും അമിത് ഷായ്ക്ക് വിയോജിപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അധികാരം പങ്കുവക്കുന്നതിനെക്കുറിച്ച് താക്കറെയുമായി നടത്തിയ രഹസ്യക്കരാറിനെക്കുറിച്ച് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കാത്തതും റാവത്ത് നിശിതമായി വിമര്‍ശിച്ചു.
‘ദേവേന്ദ്ര ഫഡ്‌നാവിസായിരിക്കും അടുത്ത മഹാരാഷ്ട്രാ മുഖ്യമന്ത്രിയെന്ന് പ്രചരണവേളയില്‍ മോദി പറഞ്ഞതൊക്കെയും ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, അതേസമയത്തുതന്നെ, ശിവസേനയില്‍നിന്നായിരിക്കും മുഖ്യമന്ത്രിയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. അപ്പോഴൊന്നും എന്തുകൊണ്ടാണ് അമിത് ഷാ എതിരഭിപ്രായങ്ങളൊന്നും പ്രകടിപ്പിക്കാതിരുന്നത്?’
‘ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ വ്യത്യാസങ്ങളൊന്നും ഇല്ലാതിരുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്? സഞ്ജയ് റാവത്ത് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘രഹസ്യ ചര്‍ച്ചയിലെ കരാറുകളൊന്നും പുറത്ത് ചര്‍ച്ച ചെയ്യരുതെന്ന് അമിത് ഷാ പറഞ്ഞിരുന്നു. പക്ഷേ, ആ ചര്‍ച്ചകളിലെ കരാറുകളൊന്നും അംഗീകരിക്കാതെ വന്നപ്പോഴാണ് അത് പുറത്ത് ചര്‍ച്ചയായത്’.