മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് ഒത്ത എതിരാളി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഒരു ശക്തമായ പ്രതിപക്ഷ നേതാവിനെ വേണം വരുന്ന തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ നിര്‍ത്താനെന്നും അദ്ദേഹം പറഞ്ഞു.
‘2024ല്‍ മോദിയെ പരാജയപ്പെടുത്താന്‍ ശക്തനായ ഒരു പ്രതിപക്ഷ നേതാവിനേ സാധിക്കൂ. ഇപ്പോള്‍ മോദിക്കെതിരെ യുദ്ധം നയിക്കാന്‍ പ്രതിപക്ഷത്ത് അത്തരമൊരു മുഖമില്ല. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോന്ന ഒരു നേതാവിനെ കണ്ടെത്താന്‍ ശ്രമിക്കേണ്ടതുണ്ട്. ഒരു മുതിര്‍ന്ന നേതാവെന്ന നിലയില്‍ ശരദ് പവാറിനെ അടുത്ത തെരഞ്ഞെടുപ്പിന്റെ മുഖമാക്കാം,’ എന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.
നേരത്തെയും സഞ്ജയ് റാവത്ത് ശരദ് പവാറിന്റെ പേര് പ്രതിപക്ഷ സഖ്യത്തിന്റെ മുഖമായി നിര്‍ദേശിച്ചിരുന്നു.
രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താന്‍ ശരദ് പവാറിനെ പോലുള്ള ഒരു നേതാവിനെ യു.പി.എയുടെ തലവനാക്കേണ്ടതുണ്ട് എന്നായിരുന്നു സഞ്ജയ് റാവത്ത് നേരത്തെ പറഞ്ഞിരുന്നത്.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചകളും നടന്നെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും ചേര്‍ന്നിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ മൂന്നാം ബദല്‍ രൂപപ്പെടുത്തുന്നതിനായിട്ടായിരുന്നു ഈ യോഗം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ രാജ്യത്ത് ബി.ജെ.പിയ്ക്കെതിരെ ഒരു മൂന്നാം മുന്നണിയ്ക്കോ നാലാം മുന്നണിയ്ക്കോ സാധ്യതയില്ലെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പറഞ്ഞത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിന് സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ആലോചന. കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയായാല്‍ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ലെന്നാണ് പ്രശാന്ത് കിഷോറിന്റെ കണക്കുകൂട്ടല്‍.
പ്രത്യേകിച്ച് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഇതുവരെ ബി.ജെ.പി. ഇതര സഖ്യത്തില്‍ ഭാഗമാകാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തയാളാണ്.
ശരദ് പവാറിനെപ്പോലെ സര്‍വ്വസമ്മതനായ ഒരാളെ നിര്‍ത്തി രണ്ടാം മോദി സര്‍ക്കാരിനെതിരെ ശക്തി തെളിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നവീന്‍ പട്നായിക്കിനേയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനേയും പ്രശാന്ത് കിഷോര്‍ ഉടന്‍ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി ഇടഞ്ഞ ശിവസനേയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഒരുമിപ്പിച്ചാണ് മഹാരാഷ്ട്രയില്‍ എന്‍.സി.പി അടങ്ങുന്ന സഖ്യം അധികാരം പിടിച്ചെടുത്തത്. ഇതിന് ശേഷവും മോദി സര്‍ക്കാരിനെ പരാജയപ്പെടുത്താനുള്ള വിശാല സഖ്യം രൂപീകരിക്കാനുള്ള പരിശ്രമം പവാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.