വാക്കുകള്‍ അറംപറ്റുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; വിരാടിനെ തൊടാന്‍ സാധിക്കില്ല എന്ന് പറഞ്ഞവന്‍ തന്നെ നാണംകെടുത്തി
Sports News
വാക്കുകള്‍ അറംപറ്റുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; വിരാടിനെ തൊടാന്‍ സാധിക്കില്ല എന്ന് പറഞ്ഞവന്‍ തന്നെ നാണംകെടുത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 18th January 2023, 3:30 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് ആരംഭിച്ചിരിക്കുകയാണ്. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഹൈദരാബാദില്‍ നടക്കുന്നത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 60 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

38 പന്തില്‍ നിന്നും 34 റണ്‍സുമായി ആദ്യ വിക്കറ്റായി രോഹിത് ശര്‍മ പുറത്തായി. വണ്‍ ഡൗണ്‍ ബാറ്ററായെത്തിയത് വിരാട് കോഹ്‌ലിയായിരുന്നു.

ഏറെ പ്രതീക്ഷയോടെ കളത്തിലെത്തിയ വിരാടിന് ശ്രീലങ്കക്കെതിരായ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. പത്ത് പന്തില്‍ നിന്നും എട്ട് റണ്‍സ് മാത്രം നേടിയാണ് വിരാട് പുറത്തായത്. പതിനാറാം ഓവറിലെ രണ്ടാം പന്തില്‍ ഇടം കയ്യന്‍ സ്പിന്നര്‍ മൈക്കല്‍ സാന്റ്‌നര്‍ വിരാടിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

സാന്റ്‌നര്‍ വിരാടിനെ പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കോച്ചുമായ സഞ്ജയ് ബാംഗറിന്റെ പരാമര്‍ശം വീണ്ടും ചര്‍ച്ചയിലേക്കുയരുകയാണ്.

റാഷിദ് ഖാനെയും ഹസരങ്കയെയും പോലെ മികച്ച സ്പിന്നര്‍മാരെ അടിച്ചുപറത്തിയ കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്ക് സാധിക്കില്ലെന്നായിരുന്നു ബാംഗറിന്റെ പരാമര്‍ശം. ഇഷ് സോധിയെയും മൈക്കല്‍ സാന്റ്‌നറിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ബാംഗര്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

‘ഇഷ് സോധിയെ കുറിച്ചും സാന്റ്നറിനെ കുറിച്ചും സംസാരിക്കാതിരിക്കൂ, കാരണം ഏഷ്യാ കപ്പില്‍ വിരാട് കോഹ്‌ലി റാഷിദ് ഖാനോട് ചെയ്തത് എന്താണെന്ന് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ഏകദിനത്തില്‍ വാനിന്ദു ഹസരങ്കയും മഹീഷ് തീക്ഷണയും അവര്‍ക്കാവുന്നതൊക്കെ ചെയ്തിട്ടും അവന് മുമ്പില്‍ പരാജയപ്പെടുകയായിരുന്നു.

അവന്‍ കാലുപയോഗിച്ചാണ് സ്പിന്നര്‍മാര്‍ക്കെതിരെ ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. അവന് ബാക്ക് ഫൂട്ടിലേക്കിറങ്ങി ഗ്യാപ്പുകളിലൂടെ റണ്‍ നേടാന്‍ സാധിക്കും.

അവന്‍ കരിയറിലുടനീളം സ്പിന്നര്‍മാര്‍ക്കെതിരെ കളിച്ചതില്‍ നിന്നും മാറ്റം വന്നിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ സാന്റ്നറിന്റെയും സോധിയുടെയും കാര്യത്തില്‍ എനിക്ക് അത്ര പ്രതീക്ഷകളില്ല,’ ബാംഗര്‍ പറഞ്ഞു.

ഏകദിനത്തില്‍ ഇത് രണ്ടാം തവണയാണ് സാന്റ്‌നര്‍ കോഹ്‌ലിയെ മടക്കുന്നത്.

നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ 154 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ശുഭ്മന്‍ ഗില്ലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യക്കായി ക്രിസീല്‍.

 

 

Content Highlight: Sanjay Bangar’s comment about Virat Kohli and Michael Santner resurface after Virat’s dismissal