Advertisement
Entertainment
വിജയ്‌യും രജിനിയും പിന്നില്‍, 2025ലെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കി കമല്‍ ഹാസന്‍ ചിത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 02, 01:51 pm
Wednesday, 2nd April 2025, 7:21 pm

തമിഴ് ഇന്‍ഡസ്ട്രിയിലെ ടൈര്‍ 1 താരങ്ങളാണ് രജിനികാന്തും വിജയ്‌യും അജിത് കുമാറും. വര്‍ഷത്തില്‍ ഒരു സിനിമ എന്നതാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ മൂന്ന് താരങ്ങളും പിന്തുടരുന്ന ഫോര്‍മുല. മറ്റ് അഭിമുഖങ്ങളൊന്നും നല്‍കാത്ത താരങ്ങളുടെ ഓരോ സിനിമയും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇതില്‍ വിജയ്‌യുടെ ബോക്‌സ് ഓഫീസ് പവര്‍ മറ്റ് താരങ്ങളെക്കാള്‍ ഉയരത്തിലാണെന്നതും ശ്രദ്ധേയമാണ്.

ഇപ്പോഴിതാ ഇവരെയെല്ലാം പിന്നിലാക്കി ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് കമല്‍ ഹാസന്‍. 38 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും കൈകോര്‍ക്കുന്ന തഗ് ലൈഫാണ് ഈ നേട്ടത്തിലെത്തിയത്. 149 കോടി രൂപക്ക് നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്.

തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ടൈര്‍ 4ലാണ് കമല്‍ ഹാസനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിക്രം എന്ന ചിത്രം ഇന്‍ഡസ്ട്രിയല്‍ ഹിറ്റായതോടെ കമല്‍ ഹാസന്‍ തന്റെ പഴയ സ്റ്റാര്‍ഡം വീണ്ടെടുത്തു. തുടര്‍ന്ന് വന്ന ഇന്ത്യന്‍ 2 നിരാശപ്പെടുത്തിയെങ്കിലും തഗ് ലൈഫ് താരത്തിന്റെ വന്‍ തിരിച്ചുവരവായിരിക്കുമെന്നാണ് സിനിമാലോകം അഭിപ്രായപ്പെടുന്നത്.

കമല്‍ ഹാസന് പുറമെ വന്‍ താരനിര തഗ് ലൈഫില്‍ അണിനിരക്കുന്നുണ്ട്. സിലമ്പരസന്‍, അശോക് സെല്‍വന്‍, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് നാസര്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ജൂണ്‍ അഞ്ചിന് തഗ് ലൈഫ് തിയേറ്ററുകളിലെത്തും.

വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായി കണക്കാക്കുന്ന ജന നായകന്റെ ഒ.ടി.ടി ഡീല്‍ വിറ്റുപോയിരിക്കുന്നത് 121 കോടിക്കാണ്. ആമസോണ്‍ പ്രൈമാണ് ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്. 400 കോടിയാണ് ജന നായകന്റെ ബജറ്റ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. മലയാളി താരം മമിത ബൈജുവും ജന നായകനില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2026 പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.

രജിനികാന്ത് ചിത്രം കൂലിയും ലിസ്റ്റില്‍ മൂന്നാമതുണ്ട്. 120 കോടിക്ക് ആമസോണ്‍ പ്രൈമാണ് കൂലിയുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. ലിയോ എന്ന ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ കൂലിയില്‍ അണിനിരക്കുന്നുണ്ട്. തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, സത്യരാജ് എന്നിവരോടൊപ്പം സൗബിന്‍ ഷാഹിറും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Thug Life movie OTT rights sold to Netflix for 149 crores