Entertainment
ആ സംഭവത്തിന് ശേഷം ഞാന്‍ ഡിപ്രഷനിലായി: സംഗീത മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 01:47 pm
Tuesday, 11th March 2025, 7:17 pm

തൊണ്ണൂറുകളില്‍ തമിഴിലും മലയാളത്തിലും സജീവമായിരുന്ന നടിയാണ് സംഗീത. ശ്രീനിവാസന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് സംഗീത നേടിയിട്ടുണ്ട്.

അച്ഛന്റെ മരണശേഷം ഞാന്‍ ഡിപ്രഷനിലായി – സംഗീത മാധവന്‍

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് മാറി നിന്ന സംഗീത ചാവേര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങി വന്നിരുന്നു. ഇപ്പോള്‍ തിരിച്ച് വരവിനെ കുറിച്ചും സിനിമയില്‍ ഇടവേള എടുക്കാനുണ്ടായ കാരണത്തെ കുറിച്ചും സംസാരിക്കുകയാണ് സംഗീത മാധവന്‍.

‘വീണ്ടും മലയാളസിനിമയിലേക്ക് ചാവേറിലൂടെ എത്തിയപ്പോള്‍ വല്ലാത്തൊരു സന്തോഷം തോന്നിയിരുന്നു. കാരണം നല്ലൊരു ടീമിന്റെ കൂടെ മികച്ചൊരു സിനിമയിലൂടെ തന്നെ മടങ്ങി വരാന്‍ സാധിച്ചു. മലയാളിക്ക് ഞാനിന്നും ശ്യാമളയാണ്. മലയാളികളെ കണ്ടുമുട്ടുമ്പോള്‍ ആ സ്‌നേഹം അടുത്തറിയുന്നുണ്ട്.

ഒന്ന് രണ്ട് വര്‍ഷമായി ഞാന്‍ മടങ്ങിവരവിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.

വിവാഹശേഷം കുടുംബജീവിതത്തിലെ തിരക്കുകള്‍ കാരണമാണ് ഇത്രനാളും സിനിമയില്‍ നിന്ന് മാറിനിന്നത്. അച്ഛന്റെ മരണശേഷം ഞാന്‍ ഡിപ്രഷനിലായി. സിനിമ എനിക്ക് സന്തോഷം തിരിച്ചുനല്‍കും എന്നറിയുന്ന ഭര്‍ത്താവ് ഏറെ നാളായി വീണ്ടും അഭിനയിച്ചുതുടങ്ങാന്‍ പറയുന്നു. ഒന്ന് രണ്ട് വര്‍ഷമായി ഞാന്‍ മടങ്ങിവരവിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്.

അതിനിടെയാണ് ടിനു പാപ്പച്ചന്‍ വിളിക്കുന്നത്. ‘എന്റെ അടുത്ത സിനിമയിലെ ഒരു കഥാപാത്രത്തിന് ചേച്ചിയുടെ മുഖമാണ്’ എന്ന് ടിനു പറഞ്ഞു. എനിക്ക് ടിനുവിനെ പരിചയമില്ലായിരുന്നു. അതിനാല്‍ ടിനു സംവിധാനം ചെയ്ത ‘അജഗജാന്തരം’, ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്നീ സിനിമകള്‍ കണ്ടു. മേക്കിങ് വല്ലാതെ ഇഷ്ടപ്പെട്ടു. അങ്ങനെ സമ്മതം മൂളി.

വിവാഹശേഷം അഭിനയിക്കില്ലെന്ന തീരുമാനം ഉണ്ടായിരുന്നില്ല. വിവാഹശേഷം ജീവിതം പെട്ടെന്ന് തിരക്കിലായി. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍. ഭാര്യ, അമ്മ, മകള്‍ അങ്ങനെ പല റോളുകള്‍. അതിനിടയില്‍ സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സമയമുണ്ടായിരുന്നില്ല.

കുടുംബവുമൊത്തുള്ള ജീവിതം വളരെ ആസ്വദിച്ചു. അതുകൊണ്ട് ഒരിക്കലും നിരാശ തോന്നിയിട്ടില്ല. ഇപ്പോള്‍ മകള്‍ വളര്‍ന്നതോടെ വീട്ടില്‍ നിന്ന് ഞാന്‍ മാറിനിന്നാലും പ്രശ്നമില്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഇനി സജീവമായി സിനിമയിലുണ്ടാകും,’ സംഗീത മാധവന്‍ പറയുന്നു.

Content highlight: Sangeetha Madhavan talks about coming back to films