2024ലെ ആദ്യ 50 കോടി ചിത്രമെന്ന വിശേഷണവുമായി തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് പ്രേമലു. ഏറെക്കാലത്തിന് ശേഷം മലയാളത്തില്‍ ഇറങ്ങിയ പെര്‍ഫെക്ട് റോം കോം എന്റര്‍ടൈനറാണ് ചിത്രം. സിനിമയിലെ നായകനായ സച്ചിന്‍ എന്ന കഥാപാത്രത്തിന്റെ ആത്മാര്‍ത്ഥ സുഹൃത്തായ അമല്‍ ഡേവിസിനെ അവതരിപ്പിച്ചത് നടനും എഡിറ്ററുമായ സംഗീത് പ്രതാപാണ്. ഹൃദയം എന്ന സിനിമയിലെ കലിപ്പനായ സീനിയറിനെ അവതരിപ്പിച്ചുകൊണ്ടാണ് സംഗീതിന്റെ അഭിനയജീവിതം ആരംഭിച്ചത്. ലിറ്റില്‍ മിസ് റാവുത്തര്‍, പത്രോസിന്റെ പടപ്പുകള്‍ എന്നീ സിനിമകളുടെ എഡിറ്റിങ് നിര്‍വഹിച്ചതും സംഗീതാണ്.
പ്രേമലുവിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മിര്‍ച്ചി എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ഹൃദയത്തിന്റെ ഷൂട്ടിങ് സമയത്താണ് തനിക്ക് യഥാര്‍ത്ഥ കോളേജ് ലൈഫ് എന്‍ജോയ് ചെയ്യാന്‍ കഴിഞ്ഞതെന്ന് വെളിപ്പെടുത്തി. പ്രേമലുവിലെ പോലെ ആരെങ്കിലും പ്രണയം നഷ്ടപ്പെട്ട് ഇരിക്കുന്നത് കോളേജ് കാലഘട്ടത്തില്‍ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
‘ഹൃദയത്തില്‍ അഭിനയിച്ച സമയത്ത് എനിക്ക് മിസ് ചെയ്ത കാര്യം എന്താണെന്ന് വെച്ചാല്‍, ഒരു പ്രോപ്പര്‍ കോളേജ് ലൈഫ് എനിക്ക് ഉണ്ടായിട്ടില്ല. കോളേജില്‍ പഠിച്ചിട്ടില്ലെന്നല്ല, ഞാന്‍ പഠിച്ചത് ബി.എസ്.സി അനിമേഷനായിരുന്നു. ഞങ്ങളുടെ ഇന്‍സ്റ്റിട്യൂഷന്‍ എറണാകുളം സൗത്തിലായിരുന്നു. ഒരു റേഡിയോ സ്‌റ്റേഷന്‍ പോലെയായിരുന്നു ക്യാമ്പസ്. ഇന്റര്‍വ്യൂവിന് വേണ്ടി ഓരോ റേഡിയോ സ്‌റ്റേഷനില്‍ പോകുമ്പോഴൊക്കെ എന്റെ കോളേജ് ഓര്‍മ വരും. ഒരു മുറിയും, നാലഞ്ച് കസേരകളും കമ്പ്യൂട്ടറുകളുമാണ് കോളേജ് ലൈഫിനെപ്പറ്റിയുള്ള ഓര്‍മകള്‍.
ക്യാമ്പസിന്റേതായ ചിരിയും കളിയും ഞങ്ങളായിട്ട് ഉണ്ടാക്കുകയായിരുന്നു. മൂന്ന് മണിക്കൂറായിരുന്നു ഞങ്ങള്‍ക്ക് ക്ലാസ്. അതുകഴിഞ്ഞ് സൗത്തിനടുത്തുള്ള ചായക്കടയിലോ അല്ലെങ്കില്‍ ക്ലാസിന്റെ താഴെയോ ഞങ്ങള്‍ ഒരുമിച്ചിരുന്ന ടൈം സ്‌പെന്‍ഡ് ചെയ്തുകൊണ്ട് അങ്ങനത്തെ ടൈം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും അത് ഉണ്ടാക്കിയെടുക്കുന്നത് പത്തുപേരൊക്കെയാണ്. ഒരു യഥാര്‍ത്ഥ ക്യാമ്പസിന്റേതില്‍ നിന്ന് കുറവുകള്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും എല്ലാവരും തമ്മില്‍ സ്‌ട്രോങ്ങായിട്ടുള്ള ഒരു ബോണ്ട് ഇപ്പോഴും ഉണ്ട്.
കോളേജ് ലൈഫില്‍ ഉണ്ടാവേണ്ട അടിപിടിയും പ്രണയവും ഒന്നും കിട്ടിയിട്ടില്ല. ഹൃദയത്തിലായിരുന്നെങ്കില്‍ എനിക്ക് പത്ത് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഞങ്ങളെല്ലാവരും കോളേജിലെ കൂട്ടുകാരെപ്പോലെ തന്നെയായിരുന്നു. അവിടെ പ്രോപ്പറായി റാഗ് ചെയ്യാനുള്ള അവസരമുണ്ടായിരുന്നു, പ്രണയിക്കാനുള്ള അവസരമുണ്ടായിരുന്നു. ഒരു ആക്ടര്‍ എന്ന നിലയില്‍ കിട്ടുന്ന പ്രിവിലേജ് അതായിരുന്നു. ജീവിതത്തില്‍ ചെയ്യാന്‍ പറ്റാത്ത പലതും സിനിമയില്‍ ചെയ്യാമല്ലോ,’ സംഗീത് പറഞ്ഞു.
Content Highlight: Sangeeth Prathap about his college life