അവസാനം കളിച്ച അഞ്ച് മത്സരത്തില്‍ നാലിലും തോറ്റാണ് രാജസ്ഥാന്‍ റോയല്‍സ് വിമര്‍ശനമേറ്റുവാങ്ങുന്നത്. പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തന്നെ തുടരുന്നുണ്ടെങ്കിലും കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ് രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍.
കഴിഞ്ഞ ദിവസം സ്വന്തം തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ചരിത്രത്തിലെ തന്നെ എറ്റവും മോശം തോല്‍വിയാണ് ടീമിന് നേരിടേണ്ടി വന്നത്. ഒമ്പത് വിക്കറ്റും 97 പന്തും ബാക്കി നില്‍ക്കെ സന്ദര്‍ശകര്‍ റോയല്‍സ് ഉയര്‍ത്തിയ 118 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ മത്സരത്തിന് പിന്നാലെ രാജസ്ഥാന്റെ നെറ്റ് റണ്‍ റേറ്റിലും ഇടിവ് സംഭവിച്ചിരുന്നു. +0.448ലേക്കാണ് രാജസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് കൂപ്പുകുത്തിയത്.
ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാലല്ലാതെ രാജസ്ഥാന് പ്ലേ ഓഫിലെത്താന്‍ സാധിക്കില്ല. ഇതിനായി രാജസ്ഥാന്‍ ആദ്യം മറികടക്കേണ്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ്. ഞായാറാഴ്ച എസ്.എം.എസ്സില്‍ വെച്ച് തന്നെയാണ് മത്സരം.
മത്സരത്തിന് മുമ്പ് മൂന്ന് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടത്തേണ്ടത് അനിവാര്യമാണെന്നാണ് കോച്ച് സംഗക്കാര ടീമിനോട് പറഞ്ഞിരിക്കുന്നത്.
‘നമുക്ക് മടങ്ങിയെത്താന്‍ ഒരു ദിവസം മുമ്പിലുണ്ട്. നമ്മുടെ പിഴവിനെ കുറിച്ച് സംസാരിക്കാം. തിരുത്താന്‍ സാധിക്കുന്ന തെറ്റുകളെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാം.
പക്ഷേ പ്രധാന ചോദ്യമിതാണ്, മിഡില്‍ ഓര്‍ഡറിലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാം? സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിന് എങ്ങനെ തയ്യാറെടുക്കണം? എങ്ങനെയാണ് അവര്‍ക്കെതിരെ മികച്ച ഗെയിം പുറത്തെടുക്കാന്‍ സാധിക്കുക? ഇതിനെ കുറിച്ച് മാത്രമാണ് നിങ്ങള്‍ ചിന്തിക്കേണ്ടത്. മറ്റൊന്നും തന്നെ വേണ്ട,’ സംഗക്കാര പറഞ്ഞു.
നിലവില്‍ പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയവും അഞ്ച് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരത്തില്‍ നിന്നും മൂന്ന് ജയവും ആറ് തോല്‍വിയുമായി ആറ് പോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍.
Content Highlight: Sangakkara’s 3 question to Rajasthan Royals before match against SunRisers Hyderabad