ഇസ്‌ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനുള്ള വര്‍ഗീയ പ്രീണനം; തുര്‍ക്കിക്കും സിറിയക്കും കേരളം സഹായം പ്രഖ്യാപിച്ചതില്‍ സന്ദീപ് വാര്യര്‍
Kerala News
ഇസ്‌ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനുള്ള വര്‍ഗീയ പ്രീണനം; തുര്‍ക്കിക്കും സിറിയക്കും കേരളം സഹായം പ്രഖ്യാപിച്ചതില്‍ സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th February 2023, 10:16 pm

തിരുവനന്തപുരം: തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. കേരള സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനത്തിന്റെ ഭാഗമായിട്ടാണ് തുര്‍ക്കിക്കും സിറിയക്കും സഹായം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ സഹായം പ്രഖ്യാപിക്കുന്നത് പോലെയല്ല കേരളം സഹായം നല്‍കുന്നതെന്നാണ് സന്ദീപിന്റെ വാദം. തുര്‍ക്കിക്ക് സഹായമെത്തിക്കാന്‍ കേരളം പ്രത്യേക രാജ്യമാണോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് ജി. വാര്യറുടെ പ്രതികരണം.

‘ഇന്ത്യ ഒരു രാജ്യമെന്ന നിലക്ക് തുര്‍ക്കിക്കോ പാക്കിസ്ഥാനോ പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് സഹായമെത്തിക്കുന്നത് മനസിലാക്കാം. എന്നാല്‍ കേരളം ചില പ്രത്യേക സാഹചര്യങ്ങളില്‍ പ്രത്യേക രാജ്യങ്ങളെ സഹായിക്കാന്‍ ആവേശം കാണിക്കുന്നത് എന്തിനാണ്? പച്ചയായ വര്‍ഗീയ പ്രീണനം തന്നെ. കൃഷി മന്ത്രിയുടെ ഇസ്രഈല്‍ യാത്ര മുടക്കിയതും ഈ നാണം കെട്ട പ്രീണനത്തിന് വേണ്ടിയാണ്.

തുര്‍ക്കിക്ക് സഹായമെത്തിക്കാന്‍ കേരളം പ്രത്യേക രാജ്യമാണോ? അവസരം കിട്ടുമ്പോഴൊക്കെ ഇന്ത്യക്കെതിരായ നിലപാട് സ്വീകരിക്കുന്ന പരമ വര്‍ഗീയ വാദിയായ, ഹാഗിയ സൊഫിയ ദേവാലയം പള്ളിയാക്കി മാറ്റിയ, തീവ്ര ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് ആയ എര്‍ദോഗനെ രക്ഷകനായി കാണുന്ന ചിലര്‍ കേരളത്തിലുമുണ്ട്. അവരെ സുഖിപ്പിക്കാനാണ്, സന്തോഷിപ്പിക്കാനാണ് ഈ തീരുമാനം,’ സന്ദീപ് വാര്യര്‍ പറഞ്ഞു.

തുര്‍ക്കി, സിറിയ ഭൂകമ്പ ദുരിതാശ്വാസത്തിന് 10 കോടി രൂപയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബുധനാഴ്ച പ്രഖ്യാപിച്ചത്.

തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ഉണ്ടായ ഭൂകമ്പം ആയിരക്കണക്കിന് പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. ദുരിത മേഖലയിലേക്ക് മരുന്ന് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിനായി 10 കോടി രൂപ വകയിരുത്തുന്നതായാണ് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചത്.