ഇപ്പോഴത്തെ സഞ്ജുവിന്റെ കഥയ്ക്ക് ഒരു ഫ്‌ളാഷ് ബാക്കുണ്ട്, ഒരിക്കല്‍ തന്നെ കരയിപ്പിച്ച മൈതാനത്തെയും കാണികളെയും കൊണ്ട് കയ്യടിപ്പിച്ച വിജയത്തിന്റെ കഥ
FB Notification
ഇപ്പോഴത്തെ സഞ്ജുവിന്റെ കഥയ്ക്ക് ഒരു ഫ്‌ളാഷ് ബാക്കുണ്ട്, ഒരിക്കല്‍ തന്നെ കരയിപ്പിച്ച മൈതാനത്തെയും കാണികളെയും കൊണ്ട് കയ്യടിപ്പിച്ച വിജയത്തിന്റെ കഥ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th August 2022, 10:42 pm

ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന എല്ലാ മലയാളികളും കുഞ്ഞുനാളില്‍ ചില സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇന്ത്യന്‍ ടീമിനുവേണ്ടി കളിക്കണം. സിക്‌സര്‍ പായിച്ച് മത്സരങ്ങള്‍ ഫിനിഷ് ചെയ്യണം. പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വാങ്ങി ഇംഗ്ലീഷില്‍ സംസാരിക്കണം. അങ്ങനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങള്‍…

ആ മോഹങ്ങള്‍ ഒരു പരിധി വരെ യാഥാര്‍ത്ഥ്യമാക്കാന്‍ എസ്. ശ്രീശാന്തിനും ടിനു യോഹന്നാനും സാധിച്ചിരുന്നു. പക്ഷേ അവര്‍ രണ്ടുപേരും ബൗളര്‍മാരായിരുന്നു. സിക്‌സറടിച്ച് മത്സരം ഫിനിഷ് ചെയ്യുക എന്നത് അവരില്‍നിന്ന് പ്രതീക്ഷിക്കാനാവില്ലായിരുന്നു.

പക്ഷേ മുകളില്‍ പറഞ്ഞ എല്ലാ സ്വപ്നങ്ങളും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അതിന് നാം കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസണോടാണ്.
സിംബാബ്‌വേയില്‍ നടന്ന ഏകദിന പരമ്പര ഇന്ത്യ 2-0 എന്ന മാര്‍ജിനില്‍ സ്വന്തമാക്കിയിട്ടുണ്ട്.

162 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ചു. 39 പന്തുകളില്‍ 43 റണ്‍സ് നേടിയ സഞ്ജുവാണ് കളിയിലെ ടോപ് സ്‌കോറര്‍ ആയത്. വിജയം കുറിച്ച ഹിറ്റ് ഉള്‍പ്പടെ നാലു സിക്‌സറുകളാണ് സഞ്ജു അടിച്ചത്. അയാള്‍ കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി ബാറ്റര്‍ കളിക്കും എന്നുപോലും ആരും വിചാരിച്ചിരുന്നില്ല. അത്തരമൊരു പശ്ചാത്തലത്തില്‍നിന്ന് ഉദയം ചെയ്ത സഞ്ജു ഇത്രയെല്ലാം നേടിയതുതന്നെ വലിയ കാര്യമാണ്. സഞ്ജു നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രചോദന കേന്ദ്രമാണ്.

ഇപ്പോഴത്തെ സഞ്ജുവിന്റെ വിജയഗാഥക്ക് ഒരു ഫ്‌ളാഷ്ബാക്ക് കൂടിയുണ്ട്. അത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

സഞ്ജുവിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം സിംബാബ്‌വേയ്‌ക്കെതിരെയായിരുന്നു. അന്ന് അയാള്‍ 20 വയസ്സ് പോലും പിന്നിട്ടിരുന്നില്ല. മാധ്യമങ്ങള്‍ സഞ്ജുവിന് ചുറ്റും വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു.

അണ്ടര്‍-19 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി റണ്‍മഴ പെയ്യിച്ച ബാറ്റര്‍. ഐ.പി.എല്ലില്‍ അര്‍ധസെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ കളിക്കാരന്‍. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ ഓര്‍മ്മിപ്പിക്കുന്ന അനായാസമായ ബാറ്റിങ് ശൈലി. സഞ്ജു എന്ന ടീനേജറെ മീഡിയ വാഴ്ത്തിയതില്‍ യാതൊരു അത്ഭുതവും ഇല്ലായിരുന്നു.

എന്നാല്‍ ആദ്യ അങ്കത്തില്‍ സഞ്ജുവിന് ചുവടുപിഴച്ചു. സിംബാബ്‌വേ ഉയര്‍ത്തിയ 146 എന്ന വിജയലക്ഷ്യത്തിനുമുമ്പില്‍ ഇന്ത്യ പതറി. വിക്കറ്റുകള്‍ തുടരെ വീണു. ഏഴാമനായി ഇറങ്ങിയ സഞ്ജുവായിരുന്നു ഇന്ത്യയുടെ അവസാന അത്താണി.

പക്ഷേ ടീമിനെ രക്ഷിക്കാന്‍ സഞ്ജുവിനും കഴിഞ്ഞില്ല. ലോങ് ഓണില്‍ ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ സഞ്ജുവിന്റെ പേരില്‍ 19 റണ്ണുകളേ ഉണ്ടായിരുന്നുള്ളൂ. കളിയില്‍ സിംബാബ്‌വേ അട്ടിമറി വിജയം നേടി.

സഞ്ജു പുറത്തായ നിമിഷത്തില്‍ ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ കാണികള്‍ സന്തോഷം കൊണ്ട് അലറിവിളിച്ചിരുന്നു. സഞ്ജു അത് ഒരുകാലത്തും മറക്കുമെന്ന് തോന്നുന്നില്ല.

അതിനുശേഷം സഞ്ജുവിന്റെ കരിയറില്‍ വലിയ വീഴ്ച്ചകളാണ് സംഭവിച്ചത്. വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ നീണ്ട അഞ്ചുവര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. ഇടക്കാലത്ത് കേരള ടീമിലെ സ്ഥാനം പോലും കൈമോശം വന്നു. സഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ കാലഘട്ടമായിരുന്നു അത്.

പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയെങ്കിലും സഞ്ജു ഉയിര്‍ത്തെഴുന്നേറ്റു. ഹരാരെയില്‍ അയാള്‍ വീണ്ടും എത്തി. ഒരിക്കല്‍ക്കൂടി സഞ്ജു ലോങ് ഓണിലേയ്ക്ക് ലോഫ്റ്റഡ് ഷോട്ട് കളിച്ചു.

ഇപ്രാവശ്യം പന്ത് ഫീല്‍ഡറുടെ തലയ്ക്കുമുകളിലൂടെ ഗാലറിയില്‍ പതിച്ചു!

ഒരിക്കല്‍ തന്നെ കയ്പുനീര്‍ കുടിപ്പിച്ച മൈതാനത്തെയും എതിരാളികളെയും സഞ്ജു കീഴടക്കി. പണ്ട് തന്റെ രക്തത്തിനുവേണ്ടി ആര്‍ത്തുവിളിച്ച കാണികളെക്കൊണ്ടുതന്നെ കയ്യടിപ്പിച്ചു!

ഇതല്ലേ ഏറ്റവും വലിയ ഹീറോയിസം? ജീവിതം മടുത്തു എന്ന് തോന്നുന്നവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ കഥ.

സമ്മാനദാനച്ചടങ്ങില്‍ വെച്ച് ഒരു സിംബാബ്‌വേ ബാലന് സഞ്ജു ക്രിക്കറ്റ് പന്തില്‍ കൈയ്യൊപ്പിട്ട് നല്‍കിയിരുന്നു. ആ സമയത്ത് സഞ്ജുവിന്റെ കണ്ണ് നിറഞ്ഞിരുന്നോ എന്ന് സംശയമുണ്ട്. ആ കുട്ടി തന്റെ മനസ്സിനെ സ്പര്‍ശിച്ചു എന്ന് സഞ്ജു പറയുകയും ചെയ്തു.

ക്രിക്കറ്റില്‍ ഇതൊരു പുതിയ സംഭവമല്ല. പക്ഷേ ഒരു കളിക്കാരന്‍ ഇപ്രകാരം പ്രതികരിക്കുന്നതില്‍ പുതുമയുണ്ട്.

വിനയവും സഹജീവികളോട് കരുതലുമുള്ള കളിക്കാരനാണ് സഞ്ജു. അയാള്‍ വിണ്ണിലെ താരമല്ല. നമുക്കിടയില്‍ മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന മനുഷ്യനാണ്. അങ്ങനെയുള്ള സഞ്ജുവിനെ വെറുക്കുന്നവരോട് എന്ത് പറയാനാണ്!?

ഹരാരെയില്‍ നടന്നത് പോലുള്ള കാഴ്ച്ചകള്‍ നാം ഇതിനുമുമ്പും കണ്ടിട്ടുണ്ട്.

ഇന്ത്യയുടെ റണ്‍ ചെയ്‌സ് നടക്കുന്നു. മുന്‍നിര തകരുന്നു. പക്ഷേ അവസാനത്തെ അംഗീകൃത ബാറ്റര്‍ കൂസലില്ലാതെ നില്‍ക്കുന്നു. അവസാനം സിക്‌സറിലൂടെ കളി തീരുന്നു. എം.എസ് ധോണി അതിന്റെ സ്‌പെഷ്യലിസ്റ്റായിരുന്നു.

അന്ന് ധോണി; ഇന്ന് സഞ്ജു…!
ഇപ്പോഴിത് പറയാനുള്ള അവകാശം നമുക്കുണ്ട്. എന്നും ആ മന്ത്രം ഉരുവിടാനുള്ള യോഗം മലയാളികള്‍ക്ക് ഉണ്ടാവട്ടെ.

 

സന്ദീപ് ദാസ്‌

 

Content Highlight: Sandeep Das writes about Sanju Samson