ഈ ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുള്ള എത്ര സിനിമകള്‍ കേരളക്കരയില്‍ ജന്മം കൊണ്ടിട്ടുണ്ടാവും? അതിന്റെ എണ്ണം നിര്‍ണയിക്കാന്‍ ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല.
ഒരുകാലത്ത് മലയാള സിനിമ അത്രമേല്‍ പുരുഷ കേന്ദ്രീകൃതമായിരുന്നു.
ഇപ്പോള്‍ മലയാള സിനിമയിലെ ഒരു അഭിനേത്രി കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ വേദിയില്‍ വെച്ച് ഏറ്റവും ശക്തമായ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. തണ്ണീര്‍മത്തന്‍ ബാഗുമായി റെഡ് കാര്‍പ്പറ്റില്‍ എത്തിയ കനി കുസൃതി ഫലസ്തീനോടുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രകടമാക്കിയിരിക്കുന്നു. ഇത് വിപ്ലവം തന്നെയല്ലേ!?
ബോളിവുഡിലെ നിരവധി താരങ്ങള്‍ കാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്. അവര്‍ ആരെങ്കിലും രാഷ്ട്രീയം പറഞ്ഞതായി നമ്മള്‍ കണ്ടിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം മാത്രമാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്.
മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ടല്ലോ. ഒരുപാട് പ്രാദേശിക ഫിലിം അവാര്‍ഡ് ചടങ്ങുകളില്‍ അവര്‍ പങ്കുചേരാറുമുണ്ട്. അവരില്‍ എത്രപേര്‍ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റുകള്‍ നടത്തിയിട്ടുണ്ട്?
ഇവിടെയാണ് നാം കനി കുസൃതിയുടെ മഹത്വം തിരിച്ചറിയേണ്ടത്. ഒരു ഗ്ലോബല്‍ സ്റ്റേജില്‍ വെച്ച് അവര്‍ രാഷ്ട്രീയം പറഞ്ഞു. അടിച്ചമര്‍ത്തപ്പെടുന്നവരുടെ വേദനകളെ ചേര്‍ത്തുപിടിച്ചു.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കനിക്ക് ലഭിച്ച ദിവസം ഓര്‍ക്കുന്നില്ലേ? ആ പുരസ്‌കാരം മലയാള സിനിമയിലെ ആദ്യ നായികയായിരുന്ന പി.കെ. റോസിയ്ക്കാണ് കനി സമര്‍പ്പിച്ചത്. ജാതിഭ്രാന്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച റോസിയെ മനസ്സില്‍ സൂക്ഷിക്കുന്ന കനി ഫലസ്തീന്റെ രാഷ്ട്രീയം സംസാരിച്ചത് സ്വാഭാവികമാണ്.
കനി അഭിനയിച്ച ‘All We Imagine As Light’ എന്ന ചലച്ചിത്രമാണ് കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്. മുപ്പത് വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ സിനിമ കാനിന്റെ അരങ്ങില്‍ മത്സരിച്ചത്. ആ സിനിമ സംവിധാനം ചെയ്തതും ഒരു പെണ്ണാണ്-പായല്‍ കപാഡിയ.