തന്റെ റെക്കോഡ് തകര്‍ന്നുവീഴുന്നത് കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ കയ്യടിച്ച് ജയസൂര്യ; വീഡിയോ
Sports News
തന്റെ റെക്കോഡ് തകര്‍ന്നുവീഴുന്നത് കണ്ട് നിറഞ്ഞ പുഞ്ചിരിയോടെ കയ്യടിച്ച് ജയസൂര്യ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th February 2024, 8:20 pm

അഫ്ഗാനിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം പല്ലേക്കലെയില്‍ പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് കാന്‍ഡിയില്‍ നടക്കുന്നത്.

മത്സരത്തില്‍ 381 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ടാണ് ആതിഥേയരെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന നാലാമത് ടോട്ടലിലേക്കെത്തിച്ചത്.

ശ്രീലങ്കയുടെ ഏകദിന ചരിത്രത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കിയാണ് പാതും നിസങ്ക കയ്യടികളേറ്റുവാങ്ങുന്നത്. 20 ബൗണ്ടറിയും എട്ട് സിക്‌സറും അടക്കം ടി-20യെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് നിസങ്ക റണ്ണടിച്ചുകൂട്ടിയത്. 151.08 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

ഇതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റില്‍ ശ്രീലങ്കക്കായി ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടവും നിസങ്ക സ്വന്തമാക്കിയിരുന്നു. 2000ല്‍ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ നേടിയ 189 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ നിസങ്ക മറികടന്നത്.

ശ്രീലങ്കന്‍ ഇന്നിങ്‌സിലെ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഫരീദ് അഹമ്മദിനെ ബൗണ്ടറി കടത്തിയാണ് നിസങ്ക ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരിട്ട 136ാം പന്തിലായിരുന്നു നിസങ്കയുടെ ഇരട്ട സെഞ്ച്വറി പിറവിയെടുത്തത്.

മത്സരം കാണാനെത്തിയ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ നിറഞ്ഞ കയ്യടികളോടെയാണ് നിസങ്കയുടെ നേട്ടത്തെ വരവേറ്റത്. നിസങ്ക തന്റെ ഐതിഹാസിക നേട്ടം ഗ്രൗണ്ടില്‍ ആഘോഷമാക്കുമ്പോള്‍ ഗ്യാലറിയില്‍ മറ്റ് ഒഫീഷ്യല്‍സിനൊപ്പം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ജയസൂര്യ നിസങ്കയെ അഭിനന്ദിച്ചത്.

നിസങ്കയുടെ ഐതിഹാസിക നേട്ടത്തിന്റെ വീഡിയോ കാണാം.

മത്സരത്തില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 88 പന്ത് നേരിട്ട് 88 റണ്‍സ് നേടിയാണ് ഫെര്‍ണാണ്ടോ പുറത്തായത്. എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ നിശ്ചിത ഓവറില്‍ 381 എന്ന നിലയിലാണ് ലങ്ക ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

അഫ്ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റും നേടി.

ശ്രീലങ്ക ഉയര്‍ത്തിയ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആദ്യ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടാണ് സന്ദര്‍ശകര്‍ പതറിയത്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റിന് 89 റണ്‍സ് എന്ന നിലയിലാണ് അഫ്ഗാന്‍. 25 പന്തില്‍ 22 റണ്‍സുമായി മുഹമ്മദ് നബിയും 23 പന്തില്‍ 31 റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായിയുമാണ് ക്രീസില്‍.

 

Content Highlight: Sanath Jayasuriya applauds Pathum Nisanka’s double century