സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടു: വെളിപ്പെടുത്തലുമായി സാമുവല്‍ റോബിന്‍സണ്‍
Mollywood
സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടു: വെളിപ്പെടുത്തലുമായി സാമുവല്‍ റോബിന്‍സണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st March 2018, 12:47 am

 

സുഡാനി ഫ്രം നൈജീരിയ നിര്‍മ്മാതാക്കളില്‍ നിന്നും വംശീയ വിവേചനം നേരിട്ടതായി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയന്‍ സ്വദേശി സാമുവല്‍ ഡേവിഡ്‌സണിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലൂടെയാണ് സാമുവല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

“കേരളത്തിലെ എന്റെ നിര്‍മ്മാതാക്കളില്‍ നിന്നും ഞാന്‍ വംശീയ വിവേചനം നേരിട്ടു. ഒന്നും പറയാതെ മാറിനില്‍ക്കുകയായിരുന്നു ഞാന്‍ ഇതുവരെ. പക്ഷേ ഇപ്പോള്‍ ഞാന്‍ എല്ലാം പറയാന്‍ തയ്യാറാണ്.” എന്ന മുഖവുരയോടെയാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നേരിട്ട വിവേചനങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നത്.


Also Read: ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ സിനിമയുമുണ്ട്; ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകന്‍ സക്കരിയ സംസാരിക്കുന്നു


നേരിട്ടുള്ള വംശീയ വിദ്വേഷത്തിനല്ല താന്‍ ഇരയായതെന്നും മറിച്ച് സുഡാനി ഫ്രം നൈജീരിയയിലെ കഥാപാത്രത്തിലൂടെയാണ് താന്‍ വിവേചനത്തിന് ഇരയായതെന്നും അദ്ദേഹം വിശദീകരിക്കുന്നു. “എന്റെ പകുതിപോലും പ്രശസ്തിയോ അനുഭവ പരിചയമോ ഇല്ലാത്ത ഇന്ത്യന്‍ നടന്മാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എനിക്ക് ഓഫര്‍ ചെയ്തത്. ഞാനിക്കാര്യം മനസിലാക്കിയത് എന്നെപ്പോലുള്ള ഒട്ടേറ യുവ താരങ്ങളുമായി പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ്.” അദ്ദേഹം പറയുന്നു.

തന്റെ തൊലിയുടെ നിറം കാരണമാണ് ഇത്തരമൊരു വിവേചനം നേരിട്ടതെന്നും അദ്ദേഹം പറയുന്നു. ” എന്റെ നിറം കാരണവും എല്ലാ ആഫ്രിക്കക്കാരും പാവപ്പെട്ടരാണെന്നും പണത്തിന്റെ വില അറിയില്ലെന്നുമുള്ള ധാരണ കാരണവുമാണ് ഇത് സംഭവിച്ചതെന്നാണ് എന്റെ അഭിപ്രായം.” അദ്ദേഹം പറയുന്നു.

സിനിമ വിജയിക്കുകയാണെങ്കില്‍ കൂടുതല്‍ തുക പ്രതിഫലമായി നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പു നല്‍കിയിരുന്നതായും സാമുവല്‍ പറയുന്നു. എന്നാല്‍ നൈജീരിയയിലേക്കു തിരിക്കും വരെ തനിക്കു നല്‍കിയ വാക്കു പാലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Must Read: കുട്ടനാടന്‍ മാര്‍പ്പയ്ക്ക് മോശം റിവ്യു എഴുതിയ മാതൃഭൂമിയെ പരിഹസിച്ച് കുഞ്ചാക്കോബോബന്‍


സിനിമയുടെ ചിത്രീകരണം തടസപ്പെടാതെ മുന്നോട്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്തരം വാഗ്ദാനങ്ങളെന്നാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്നും സാമുവല്‍ പറയുന്നു.

ആരാധകര്‍ തന്നോട് കാണിച്ച സ്‌നേഹത്തിനും കേരളത്തിന്റെ ഊഷ്മള സംസ്‌കാരത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തന്റെ അനുഭവം പുതിയ തലമുറയ്ക്ക് ഉണ്ടാവരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറയുന്നതെന്നും സാമുവല്‍ വ്യക്തമാക്കി. അതേസമയം ചിത്രത്തിന്റെ സംവിധായകനായ സക്കരിയ നല്ല വ്യക്തിയാണെന്നും അദ്ദേഹം തന്നോട് നല്ല രീതിയിലാണ് പെരുമാറിയതെന്നും സാമുവല്‍ പോസ്റ്റില്‍ പ്രത്യേകം പറയുന്നുണ്ട്.


Watch Video Interview: