ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പട്ട വിധി പ്രസ്താവത്തില്‍ ഹരജിക്കാരുടെ വാദം അംഗീകരിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദചൂഡ്. പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ് വിവാഹമെന്ന് സൂചിപ്പിക്കുന്ന സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെഷന്‍ നാല് ഭരണഘടനാവിരുദ്ധമാണെന്നും തുല്യതയുടെ കാര്യമാണിതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
എന്നാല്‍ വിവാഹം സംബന്ധിച്ച നിയമം മാറ്റി എഴുതുന്ന പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് സുപ്രീം കോടതി കടക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വിധി പ്രസ്താവത്തില്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗത്തിന് വരേണ്യ, നഗരസങ്കല്‍പ്പമാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തള്ളി. നഗരങ്ങളില്‍ താമസിക്കുന്നവരെ സമ്പന്നരായി കാണാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പാര്‍ലമെന്റിന്റെ അധികാരത്തിലേക്ക് കടക്കുന്നില്ല. വിവാഹം എന്നത് മാറാന്‍ കഴിയാത്ത ഒരു കാര്യമായി പരിഗണിക്കാനാകില്ല. വിവാഹം പല കാലങ്ങളിലായി മാറ്റം സംഭവിച്ച ഒന്നാണെന്നും ചീഫ് ജസ്റ്റസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ പ്രധാന നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും
-പങ്കാളികളെ തെരഞ്ഞടുക്കുന്നത് മൗലികാവകാശമാണ്.
-ലിംഗവും ലൈംഗികതയും ഒന്നാകണമെന്നില്ല, സദാചാരം എന്താണെന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്.
– സ്വവര്‍ഗ അനുരാഗികള്‍ക്ക് വിവേചനം പാടില്ല, ക്വര്‍ മനുഷ്യര്‍ക്ക് സുരക്ഷിതമായ താവളങ്ങള്‍ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
-ട്രാന്‍സ്മാനും ട്രാന്‍സ് വുമണും തമ്മിലുള്ള വിവാഹത്തിന് നിലവിലെ നിയമത്തിന് തടസമില്ല.