ആ ബോളിവുഡ് നടിയുടെ തീരുമാനങ്ങള്‍ എന്നെ ഇന്‍സ്പയര്‍ ചെയ്യാറുണ്ട്: സാമന്ത റൂത്ത് പ്രഭു
Entertainment
ആ ബോളിവുഡ് നടിയുടെ തീരുമാനങ്ങള്‍ എന്നെ ഇന്‍സ്പയര്‍ ചെയ്യാറുണ്ട്: സാമന്ത റൂത്ത് പ്രഭു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th October 2024, 4:33 pm

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജിഗ്ര. റിലീസ് ചെയ്ത് ഏതാനം ദിവസങ്ങള്‍ തികയുന്നതിന് മുമ്പ് തന്നെ ചിത്രം നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. 2014ല്‍ റിലീസായ ആലിയ ഭട്ട് ചിത്രം ഹൈവേക്ക് ശേഷം നടിയുടെ ഏറ്റവും കുറവ് ഓപ്പണിങാണ് ജിഗ്ര നേടിയത്. ചിത്രത്തിന്റെ പ്രസ് സ്‌ക്രീനിങ്ങും റദ്ദാക്കിയിരുന്നു. നടിയും ആലിയ ഭട്ടിന്റെ സുഹൃത്തുമായ സാമന്ത ചിത്രത്തെയും ആലിയ ഭട്ടിനേയും പ്രശംസിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

തിങ്കളാഴ്ച തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രശംസ അറിയിച്ചത്. ആലിയ ഭട്ടിനെ കടുവ എന്ന് വിശേഷിപ്പിച്ച സാമന്ത അവരുടെ ധീരമായ തെരഞ്ഞെടുപ്പുകളെ അഭിനന്ദിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ വാസന്‍ ബാലയെയും വേദാങ് റെയ്ന എന്ന ചിത്രത്തിലെ സഹനടനെയും സാമന്ത പ്രശംസിച്ചു. ആലിയയും വേദാംഗും അഭിനയിക്കുന്ന ജിഗ്രയുടെ ഒരു പോസ്റ്ററും സാമന്ത പങ്കുവെച്ചിരുന്നു.

‘ആലിയ ഭട്ട് നീ സത്യത്തില്‍ ഒരു കടുവ തന്നെ! എനിക്ക് നിന്നില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയാത്തത്ര തീക്ഷ്ണവും ജീവിതം തുളുമ്പുന്നതുമായ പ്രകടനമായിരുന്നു ചിത്രത്തില്‍ നീ കാഴ്ചവെച്ചിരിക്കുന്നത്. നിങ്ങള്‍ എടുക്കുന്ന ധീരമായ തെരഞ്ഞെടുപ്പുകളും നിങ്ങള്‍ നിങ്ങളുടെ മുകളില്‍ തന്നെ വെച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡുകളും എന്നും എന്നെ പ്രചോദിപ്പിക്കുന്നതാണ്,’ സാമന്ത കുറിച്ചു.

സംവിധായകന്‍ വാസനെയും അഭിനേതാവ് രാഹുല്‍ രവീന്ദ്രനെയും സാമന്ത അഭിനന്ദിക്കുന്നുണ്ട്.

‘വസന്‍ ബാല, നിങ്ങള്‍ ഈ സിനിമ വളരെ യൂണിക്ക് ആയും ഒരു ഫീമെയില്‍ ലീഡിനെ എങ്ങനെ പ്രസന്റ് ചെയ്യാം എന്ന രീതിയെവരെ വളരെ വ്യത്യസ്തമായും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിത്രം മുഴുവനും നിങ്ങളുടെ വൈബില്‍ തന്നെയായിരുന്നു. ഇത്തരമൊരു ചിത്രം സമ്മാനിച്ചതിന് നന്ദി.

‘രാഹുല്‍ രവീന്ദ്രന്‍, ഈ സിനിമ ഇതുവരെയുള്ള നിങ്ങളുടെ ചിത്രങ്ങളില്‍ വെച്ച് മികച്ച പ്രകടനമാണ്! നിങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍, വളരെ നല്ലത്! ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെയാണ് സ്‌ക്രീനില്‍ കാണുന്നതെന്ന് തന്നെ മറന്നു. എനിക്ക് മുത്തുവിനെ മാത്രമേ കാണാനായുള്ളൂ. നിങ്ങളുടെ ബാക്കി വര്‍ക്കുകളും കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പറയുന്നു.

ദേബാശിഷ് ഇറെങ്ബാമിനൊപ്പം വാസന്‍ ബാല സഹ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ജിഗ്ര. ധര്‍മ പ്രൊഡക്ഷന്‍സിനും എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സിനും കീഴില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആലിയ ഭട്ട്, ഷഹീന്‍ ഭട്ട്, സൗമെന്‍ മിശ്ര എന്നിവര്‍ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തില്‍ ആലിയ ഭട്ടും വേദാങ് റെയ്‌നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിഗ്ര വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയിരുന്നു.

Content Highlight: Samantha Ruth Prabhu Talks About Alia Bhat